
ചെന്നൈ : തമിഴ്നാട് തേനിയിൽ സൗജന്യമായി ആട്ടിറച്ചി നൽകാത്തതിനെ തുടർന്ന് വേറിട്ട പ്രതികാരവുമായി യുവാവ്. ശ്മശാനത്തിൽ കുഴിച്ചിട്ട മനുഷ്യ ശരീരം മാന്തിയെടുത്ത് ഇറച്ചിക്കടക്ക് മുന്നിൽ ഇട്ടു. പി സി പെട്ടിയിലെ മണിയരശൻ നടത്തുന്ന ഇറച്ചിക്കടയ്ക്ക് മുൻപിലാണ് ശ്മശാന തൊഴിലാളിയായ കുമാർ മൃതദേഹം കൊണ്ടിട്ടത്.
സംഭവത്തിൽ കുമാറിനെ പൊലീസ് അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മണിയരശന്റെ ഇറച്ചി കടയിൽ നാല് വർഷം മുൻപ് വരെ ജോലി ചെയ്തിരുന്നയാളാണ് പി സി പെട്ടി സ്വദേശിയായ കുമാർ.
മദ്യലഹരിയിൽ രാവിലെ മണിയരശന്റെ കടയിലെത്തിയ കുമാർ സൗജന്യമായി ഇറച്ചി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ വില കൂടുതലായതിനാൽ ഇറച്ചി സൗജന്യമായി നൽകാനാവില്ലെന്ന് ഉടമ അറിയിച്ചു. ഇതിനെച്ചൊല്ലി ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടായി. തുടർന്ന് നാല് ദിവസം മുൻപ് ശ്മശാനത്തിൽ സംസ്ക്കരിച്ച മൃതദേഹം മാന്തിയെടുത്ത് കുമാർ കടയ്ക്കു മുന്നിൽ ഉപേക്ഷിക്കുകയായിരുന്നു.
കടയുടമ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് നഗരസഭ അധികൃതരെ സമീപിച്ചെങ്കിലും ഏറ്റെടുക്കാൻ തയ്യറായില്ല. ഇതിനെ തുടർന്ന് പൊലീസ് തന്നെ മൃതദേഹം സംഭവ സ്ഥലത്ത് നിന്നും ശ്മശാനത്തിലെത്തിച്ച് വീണ്ടും സംസ്കരിച്ചു.
Content highlights :meat revenge:cemetery worker dumped deadbody in front of a shop