![search icon](https://www.reporterlive.com/assets/images/icons/search.png)
മുംബൈ : പ്രമുഖ യൂട്യൂബ് ഷോ ഇന്ത്യാസ് ഗോട്ട് ലേറ്റന്റ് വീണ്ടും വിവാദത്തിൽ. സ്റ്റാൻഡ് അപ്പ് കൊമേഡിയന്‍ സമയ് റെയ്‌നയുടെ ഷോയുടെ ഏറ്റവും പുതിയ എപ്പിസോഡ് ആണ് വിവാദത്തിൽ പെട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയ താരങ്ങളായ രണ്‍വീര്‍ അല്‍ഹബാദിയ, അപൂര്‍വ മഖീജ, ആശിഷ് ചന്‍ചലാനി തുടങ്ങിയവരായിരുന്നു പുതിയ എപ്പിസോഡിലെ അതിഥികള്‍.
പരിപാടിക്കിടെ ഒരു മത്സരാര്‍ത്ഥിയോട് രണ്‍വീര്‍ അല്‍ഹബാദിയ ചോദിച്ച ചോദ്യമാണ് വിവാദത്തിന് ഇടയാക്കിയത്. മാതാപിതാക്കളുടെ ലൈംഗിക ബന്ധത്തെക്കുറിച്ചായിരുന്നു ചോദ്യം. പരിപാടിയുടെ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. സംഭവത്തിന് പിന്നാലെ രണ്‍വീറിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ഷോയുടെ നടത്തിപ്പുകാര്‍ക്കും, ക്രിയേറ്ററും ജഡ്ജിംഗ് പാനലിലെ അംഗവുമായ സമയ് റെയ്‌നയ്‌ക്കെതിരേയും വ്യാപകപ്രതിഷേധം ഉയരുകയാണ്.
സംഭവത്തില്‍ മുംബൈ സ്വദേശികളായ രണ്ട് അഭിഭാഷകർ പൊലീസിൽ പരാതി നല്‍കി. ഷോ നടന്ന മുംബൈയിലെ സ്റ്റുഡിയോയില്‍ പൊലീസ് എത്തി അന്വേഷണം ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും അറിയിച്ചു.
അതേസമയം സംഭവം വിവാദമായി മാറിയതോടെ രണ്‍വീര്‍ മാപ്പ് ചോദിച്ച് രംഗത്തെത്തി. തന്റെ ഭാഗത്തു നിന്നുണ്ടായത് മോശം പരാമര്‍ശമായിരുന്നുവെന്നും മാപ്പ് ചോദിക്കുന്നുവെന്നുമാണ് രണ്‍വീര്‍ പറഞ്ഞത്.ഒരു കോടിയലധികം ഫോളോവേഴ്‌സുള്ള താരമാണ് ബിയര്‍ബൈസെപ്‌സ് എന്ന രണ്‍വീര്‍ അല്‍ഹബാദിയ. 2024ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്നും ഡിസ്‌റപ്റ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ഏറ്റുവാങ്ങിയിരുന്നു
content highlights : Police case against YouTubers Ranveer Allahbadia, Samay Raina for remarks on India's Got Latent