![search icon](https://www.reporterlive.com/assets/images/icons/search.png)
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അധികാരം നഷ്ടപ്പെട്ടതോടെ ആംആദ്മി പാര്‍ട്ടി നേതൃത്വം കൂടുതല്‍ ശ്രദ്ധ പാര്‍ട്ടി ഭരിക്കുന്ന പഞ്ചാബിന് നല്‍കും. രണ്ട് വര്‍ഷം കഴിഞ്ഞ് പഞ്ചാബില്‍ നടക്കാന്‍ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ അധികാരത്തിലെത്തിക്കുക എന്നതിലായിരിക്കും തന്റെ ഇനിയുള്ള ശ്രദ്ധയെന്ന് സംസ്ഥാനത്ത് നിന്നുള്ള എംഎല്‍എമാരോട് ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.
'പഞ്ചാബ് മോഡല്‍' ഭരണ സംവിധാനത്തെ ഉയര്‍ത്തിപ്പിടിക്കണം. പദ്ധതികള്‍ നിന്നുപോകുന്ന അവസ്ഥയുണ്ടാവരുത്. സംസ്ഥാനത്തെ ആംആദ്മി പാര്‍ട്ടി ഭരണത്തിന് സ്ഥിരതയുണ്ടെന്നുള്ള തോന്നല്‍ ഉണ്ടാക്കണമെന്നും കെജ്‌രിവാള്‍ നിര്‍ദേശിച്ചെന്നാണ് വിവരം.
ഡല്‍ഹിയില്‍ നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ സര്‍ക്കാരിനെ നിലനിര്‍ത്തിക്കൊണ്ടുപോകുക എഎപിക്ക് പ്രയാസമായിരിക്കുമെന്ന് ചൂണ്ടിക്കാട്ടി നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.എഎപിയുടെ സംസ്ഥാന ഘടകത്തില്‍ ഭിന്നിപ്പുണ്ടെന്നും പ്രചാരണമുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് വേളയില്‍ പഞ്ചാബില്‍ നിന്നുള്ള എംഎല്‍എമാരേയും എഎപി പ്രചാരണത്തിനിറക്കിയിരുന്നു.
മൂന്നാമതും അധികാരത്തിലെത്തുമെന്ന എഎപി പ്രതീക്ഷകളെ തകര്‍ത്തുകൊണ്ടായിരുന്നു 27 വര്‍ഷത്തിന് ശേഷം ബിജെപി ഡല്‍ഹിയില്‍ ഭരണം പിടിച്ചത്. 2020ല്‍ എട്ട് സീറ്റ് മാത്രം നേടിയ ബിജെപി ഇത്തവണ സീറ്റ് നേട്ടം 48 ആയി ഉയര്‍ത്തി. എന്നാല്‍ 62 സീറ്റുണ്ടായിരുന്ന എഎപിയുടെ സീറ്റ്നില 22ലേയ്ക്ക് ചുരുങ്ങി. എഎപിയുടെ പ്രധാന നേതാക്കളായ അരവിന്ദ് കെജ്രിവാള്‍, മനീഷ് സിസോദിയ, സൗരഭ് ഭരദ്വാജ്, ദുര്‍ഗേഷ് പഥക്, സത്യേന്ദ്ര ജെയിന്‍, അവധ് ഓജ, സോംനാഥ് ഭാരതി തുടങ്ങിയവര്‍ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു.
Content Highlights: AAP leadership shifts focus to Punjab