ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പൂജ്യത്തിന് മുന്‍പത്തെ പൂജ്യത്തില്‍ നിന്ന് ഒരുപാട് വ്യത്യാസമുണ്ടെന്ന് ഡല്‍ഹി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ദേവേന്ദര്‍ യാദവ്. കോണ്‍ഗ്രസിന് ഒരു സീറ്റിലും വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ച്ചയായി മൂന്നാം തവണയാണ് ഒരു സീറ്റിലും വിജയിക്കാന്‍ കോണ്‍ഗ്രസിന് കഴിയാതെ പോകുന്നത്.
ഡല്‍ഹിയില്‍ ത്രികോണ മത്സരമാണ് നടക്കുന്നതെന്ന് തോന്നിപ്പിക്കാന്‍ കോണ്‍ഗ്രസിനായി. പാര്‍ട്ടിയുടെ അടിസ്ഥാന വോട്ട് വിഭാഗങ്ങളായ ദളിത്, ന്യൂനപക്ഷ,അരികുവത്കരിക്കപ്പെട്ടവര്‍ എന്നിവരുടെ പിന്തുണ തിരിച്ചുപിടിക്കാനാകും എന്ന പ്രതീക്ഷ തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നുവെന്നും ദേവേന്ദര്‍ യാദവ് പറഞ്ഞു.
ആംആദ്മി പാര്‍ട്ടിയുടെ ഭരണകാലത്ത് അങ്ങോട്ടേക്ക് പോയ തങ്ങളുടെ വോട്ടര്‍മാരുടെ പിന്തുണ തിരിച്ചു പിടിക്കും. അവരുടെ ആദ്യ ഇഷ്ടം കോണ്‍ഗ്രസിനോട് തന്നെയാണെന്നും ദേവേന്ദര്‍ യാദവ് പറഞ്ഞു.
ഇനിയും ഏറെ മുന്നോട്ടുപോകാനുണ്ട്. പക്ഷെ ഇത്തവണത്തെ പൂജ്യത്തിന് മുന്‍പത്തെ പൂജ്യത്തില്‍ നിന്ന് ഒരുപാട് വ്യത്യാസമുണ്ട്. ആംആദ്മി പാര്‍ട്ടി അധികാരത്തിലില്ലാത്തത് കൊണ്ട് തന്നെ കോണ്‍ഗ്രസിനെ ആദ്യ ഇഷ്ടമായി കാണുന്നവരുടെ പിന്തുണ തിരികെ പിടിക്കാനാകുമെന്നും ദേവേന്ദര്‍ യാദവ് പറഞ്ഞു.
Content Highlights: Delhi Congress chief on polls