ബാംഗ്ലൂർ: ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതിയ മധ്യവയസ്കന് ആംബുലൻസിൽ ലഭിച്ചത് രണ്ടാംജന്മം. കര്‍ണാടകയിലെ ഹാവേരിയിലാണ് ഈ അത്ഭുതം സംഭവിച്ചത്. കര്‍ഷകനായ ബിഷ്ടപ്പ ഗുഡിമണി(45)ക്കാണ് ജീവന്‍ തിരികെ ലഭിച്ചത്. ധര്‍വാഡിലെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരമായ കരള്‍ രോഗവും കടുത്ത ന്യൂമോണിയയും മൂലം ചികിത്സയിലായിരുന്നു.
ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മൃതദേഹം സംസ്കരിക്കുന്നതിനായി വീട്ടിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോകും വഴിയാണ് ബിഷ്ടപ്പയ്ക്ക് ജീവനുണ്ടെന്ന് മനസിലായത്. ആംബുലന്‍സ് വഴിയരികില്‍ നിര്‍ത്തിയപ്പോൾ ബിഷ്ടപ്പയുടെ ശരീരം അനങ്ങുന്നത് പോലെയും ശ്വസിക്കുന്നത് പോലെയും കുടുംബാംഗങ്ങള്‍ക്ക് തോന്നി. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് ബിഷ്ടപ്പയെ എത്തിക്കുകയായിരുന്നു.
എന്നാൽ ജീവനുണ്ടെന്ന് അറിഞ്ഞതോടെ മരണവീട്ടിൽ ആഘോഷം തുടങ്ങി. വഴിയില്‍ സ്ഥാപിച്ച ആദരാഞ്ജലി പോസ്റ്ററുകൾ ആളുകൾ കീറിയെറിഞ്ഞു. ദൈവത്തിന്‍റെ കരുണ കൊണ്ട് ബിഷ്ടപ്പയ്ക്ക് ജീവന്‍ തിരികെ കിട്ടിയെന്നും കുടുംബവും നാട്ടുകാരും ഈ രണ്ടാംജന്മത്തിൽ സന്തോഷിക്കുന്നുവെന്നും ബിഷ്ടപ്പയുടെ ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ള ബിഷ്ടപ്പയുടെ നില ഗുരുതരമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
content highlights : second birth;pronounced dead; The 45-year-old gets life while being taken for burial