![search icon](https://www.reporterlive.com/assets/images/icons/search.png)
ന്യൂഡൽഹി: 1984ലെ സിഖ് വിരുദ്ധ കലാപ കേസില്‍ കോണ്‍ഗ്രസ് മുന്‍ എംപി സജ്ജന്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി. അച്ഛനെയും മകനെയും തീകൊളുത്തി കൊലപ്പെടുത്തിയ കേസിലാണ് ദില്ലി റൗസ് അവന്യൂ സെഷന്‍സ് കോടതിയുടെ വിധി. കൊലപാതകം, കലാപം, കൊള്ളയടിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ സജ്ജന്‍ കുമാറിനെതിരെ നിലനില്‍ക്കും. ദില്ലിയിലെ പ്രത്യേക കോടതി ജഡ്ജി കാവേരി ബവേജയാണ് വിധി പ്രസ്താവിച്ചത്. സജ്ജന്‍ കുമാറിന്റെ ശിക്ഷാവിധിയില്‍ വിചാരണ കോടതി ഈ മാസം 18ന് വാദം കേള്‍ക്കും. തുടര്‍ന്ന് എന്ത് ശിക്ഷ നല്‍കണമെന്നതില്‍ തീരുമാനമെടുക്കും.
പശ്ചിമ ദില്ലി സ്വദേശികളും സിഖ് വംശജരുമായ ജസ്വന്ത് സിംഗ്, മകന്‍ തരുണ്‍ദീപ് സിംഗ് എന്നിവരെയാണ് കൊലപ്പെടുത്തിയത്. 1984 നവംബര്‍ ഒന്നിനായിരുന്നു സിഖ് വിരുദ്ധ കലാപത്തിന്റെ ഭാഗമായുള്ള കൊലപാതകം. 1985 സെപ്തംബര്‍ ഒമ്പതിനാണ് ഡൽഹി പൊലീസ് പ്രതികളുടെ പേര് വെളിപ്പെടുത്താതെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സിഖ് വിരുദ്ധ കലാപം പുനരന്വേഷിക്കുന്നതിനായി 2015ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. 2021 ഏപ്രില്‍ ആറിനാണ് സജ്ജന്‍ കുമാറിനെ എസ്‌ഐടി അറസ്റ്റ് ചെയ്തത്. നിലവില്‍ തിഹാര്‍ ജയിലില്‍ റിമാന്‍ഡിലാണ് സജ്ജന്‍ കുമാര്‍.
2021 ഡിസംബര്‍ 16ന് കോടതി സജ്ജന്‍ കുമാറിനെതിരെ കുറ്റം ചുമത്തിയത്. പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നിലനില്‍ക്കുമെന്നായിരുന്നു നേരത്തെ വിചാരണകോടതിയുടെ കണ്ടത്തല്‍. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തിന് പിന്നാലെയാണ് സിഖ് വിരുദ്ധ കലാപം അരങ്ങേറിയത്. നാല് പതിറ്റാണ്ടിലധികം നീണ്ട നടപടിക്രമങ്ങള്‍ക്കൊടുവിലാണ് ദില്ലിയിലെ വിചാരണക്കോടതിയുടെ വിധി.
Content Highlights: Ex Congress MP Sajjan Kumar Convicted In 1984 Anti-Sikh Riots Case