
ന്യൂഡല്‍ഹി: വിവിധ രാജ്യങ്ങളിലെ ജയിലുകളിലായി പതിനായിരക്കണക്കിന് ഇന്ത്യക്കാര്‍ തടവറയിലുണ്ടെന്ന് അറിയിച്ച് കേന്ദ്രം. 86 രാജ്യങ്ങളിലെ ജയിലുകളിലായി 10,152 ഇന്ത്യക്കാര്‍ കഴിയുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. ഇതില്‍ 2,684 ഇന്ത്യക്കാര്‍ വിചാരണ കാത്ത് കഴിയുന്നതായും വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് രാജ്യസഭയിലെ ചോദ്യത്തിന് മറുപടി നല്‍കി.
തൃണമൂല്‍ കോണ്‍ഗ്രസ് എംപി സകേത് ഗോഖലേയുടെ ചോദ്യത്തിനാണ് മന്ത്രി മറുപടി നല്‍കിയത്. ഇതുപ്രകാരം സൗദി അറേബ്യയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ജയിലില്‍ കഴിയുന്നത്. 2,633 പേരാണ് വിവിധ കേസുകളില്‍ സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്നത്. യുഎഇയില്‍ 2,518ഉം നേപ്പാളില്‍ 1,317 പേരുമാണ് ജയിലില്‍ കഴിയുന്നത്.
ഖത്തര്‍ (611), കുവൈത്ത് (387), മലേഷ്യ (338), യുകെ (288), പാകിസ്താന്‍ (266), ബഹ്‌റൈന്‍ (181), ചൈന (173), അമേരിക്ക (169), ഇറ്റലി (168), ഒമാന്‍ (148) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളില്‍ ജയിലില്‍ കഴിയുന്നവരുടെ എണ്ണം. വിചാരണ കാത്ത് കിടക്കുന്ന തടവുകാരുടെ എണ്ണത്തിലും സൗദി അറേബ്യയാണ് മുന്നില്‍ നില്‍ക്കുന്നത്. 1226 പേരാണ് വിചാരണ കാത്ത് നില്‍ക്കുന്നത്. യുഎഇ (294), ബഹ്‌റൈന്‍ (144), ഖത്തര്‍ (123), മലേഷ്യ (121) എന്നിങ്ങനെയാണ് വിചാരണ തടവുകാരുടെ മറ്റ് രാജ്യങ്ങളിലെ കണക്കുകള്‍.
54 ഇന്ത്യക്കാര്‍ക്ക് വധശിക്ഷ വിധിച്ചിട്ടുണ്ടെന്ന് മുസ്‌ലിം ലീഗ് എംപി ഹാരിസ് ബീരാന്റെ ചോദ്യത്തിനും കീര്‍ത്തി വര്‍ധന്‍ മറുപടി നല്‍കി. യുഎഇയിലാണ് (29) ഏറ്റവും കൂടുതല്‍ വധശിക്ഷയ്ക്ക് കാത്ത് നില്‍ക്കുന്നവരുള്ളത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരടക്കമുള്ളവര്‍ക്ക് സാധ്യമായ സഹായങ്ങള്‍ ഇന്ത്യന്‍ മിഷന്‍സ് നല്‍കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ജയിലില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് അപ്പീലിനുള്ളതും ദയാഹര്‍ജിക്കുള്ളതുമായ സഹായങ്ങള്‍ ലഭ്യമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Government says 10152 Indians in jail in 86 countries