![search icon](https://www.reporterlive.com/assets/images/icons/search.png)
ചെന്നൈ: തമിഴ്നാട്ടിൽ ബുള്ളറ്റ് ബൈക്ക് ഓടിച്ചതിന് ദളിത് യുവാവിന്റെ കൈ വെട്ടിമാറ്റി. ശിവഗംഗ ജില്ലയിലാണ് സംഭവം. പ്രദേശത്തെ ഉയർന്ന ജാതിയിൽപ്പെട്ടവരാണ് 20കാരനായ അയ്യസ്വാമി എന്ന കോളേജ് വിദ്യാർത്ഥിയുടെ കൈ വെട്ടിമാറ്റിയത്.
കഴിഞ്ഞ ദിവസം അയ്യസ്വാമി തന്റെ ബൈക്കിൽ കോളേജിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. പ്രദേശവാസികളായ വല്ലരാസു, ആദി ഈശ്വരൻ, വിനോട് എന്നിവർ അയ്യസ്വാമിയെ വഴിയിൽ തടയുകയും 'പട്ടികജാതി വിഭാഗത്തിൽ പെട്ടയാൾക്ക് എങ്ങനെയാണ് ബുള്ളറ്റ് ഓടിക്കാനാവുക' എന്ന് ചോദിച്ച് കൈ വെട്ടിമാറ്റുകയുമായിരുന്നു.
സംഭവസ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ട അയ്യസ്വാമിയെ കുടുംബം ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അറ്റുപോയ കൈ തിരികെ തുന്നിച്ചേർക്കുന്നതിനായുളള ശസ്ത്രക്രിയ പുരോഗമിക്കുകയാണ്. അതേസമയം അയ്യസ്വാമിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ പ്രതികളായ മൂന്ന് പേരേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം പ്രദേശത്തെ ഉയർന്ന ജാതിക്കാരിൽ നിന്നും തങ്ങൾ കടുത്ത വിവേചനമാണ് നേരിടുന്നതെന്ന് അയ്യസ്വാമി പറയുന്നു. മറ്റുള്ളവർ സഞ്ചരിക്കുന്ന പാതയിലൂടെയുള്ള സഞ്ചാരത്തിന് തങ്ങൾക്ക് വിലക്കുണ്ട്. കാറുകളിലോ, വാഹനങ്ങളിൽ വേഗത്തിലോ പോകാൻ തങ്ങൾക്ക് അനുവാദമുണ്ടായിരുന്നില്ലെന്നും വലിയ കാറുകളുള്ള ദളിത് വിഭാഗത്തിൽപ്പെട്ടവരെ കൊല്ലാൻ പോലും ശ്രമിച്ചിട്ടുണ്ടെന്നും അയ്യസ്വാമി പറഞ്ഞതായി ന്യൂസ്9 ലൈവ് റിപ്പോർട്ട് ചെയ്യുന്നു.
Content Highlight: Upper caste people chopped off hands of dalit youth for rifing bullet bike