
ഗുവാഹത്തി: ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു യുവതിയുടെ ഫോട്ടോയ്ക്ക് താഴെ വന്ന കമ്മന്റിന് ചിരിക്കുന്ന ഇമോജിയിട്ട യുവാവിനെതിരെ കേസ്. അസമിലെ കൊക്രാജർ ജില്ലയിലാണ് സംഭവം. ജില്ലാ ഡെപ്യൂട്ടി കമ്മീഷണറായ വർനാലി ദേക ഫേസ്ബുക്കിലിട്ട ഫോട്ടോയ്ക്ക് താഴെ ഒരാൾ 'ഇന്ന് മേക്കപ്പ് ഇട്ടില്ലേ മാം' എന്ന് കമ്മന്റിട്ടു. ഇതിന് താഴെ അമിത് ചക്രവർത്തി എന്ന യുവാവ് ചിരിക്കുന്ന ഇമോജിയിട്ടിരുന്നു. ഇതിനാണ് കേസെടുത്തത്.
അമിതിന് പുറമേ മറ്റ് രണ്ട് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. നരേഷ് ബരുവ, അബ്ദുൽ സുബൂർ ചൗധരി എന്നിവരാണ് മറ്റുളളവർ. വർനാലി ഫേസ്ബുക്കിൽ പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ നരേഷ് ബരുവയാണ് കേസിനാസ്പദമായ കമന്റിട്ടത്. ബരുവയുടെ കമന്റിന് താഴെ നിങ്ങളുടെ പ്രശ്നം എന്താണെന്ന് വർനാലി ചോദിച്ചിരുന്നു. തന്നെ അധിക്ഷേപിക്കുന്നതിന് മുൻപ് ജോലിയിൽ ശ്രദ്ധിക്കൂവെന്നും സൈബർ പൊലീസിൽ പരാതി നൽകുമെന്നും വർനാലി പറഞ്ഞു. ഇതിന് പിന്നാലെയാണ് വർനാലി പൊലീസിൽ പരാതി നൽകിയത്.
സമൂഹ മാധ്യമത്തിലൂടെ ശല്യം ചെയ്തുവെന്നും അപകീർത്തിപരമായ കമന്റ് പങ്കുവെച്ചെന്നും വർനാലി പരാതിയിൽ ആരോപിച്ചു. പോസ്റ്റിന് താഴെ വന്ന കമ്മന്റുകളുടെ സ്ക്രീൻ ഷോട്ടുകൾ വർനാലിയുടെ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചു. വർനാലിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അമിതിനെ കൊക്രാജർ കോടതിയിലേക്ക് വിളിച്ചുവരുത്തി.
വർനാലി ദേക ഡെപ്യൂട്ടി കമ്മീഷ്ണറാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് അമിത് ചക്രവർത്തി മാധ്യമങ്ങളോട് പറഞ്ഞു. ഫേസ്ബുക്ക് കമന്റിന് പ്രതികരിക്കുക മാത്രമാണ് ചെയ്തത്. അതിന് ഇപ്പോൾ ജാമ്യം എടുക്കേണ്ട അവസ്ഥയാണെന്നും അമിത് ചക്രവർത്തി പറഞ്ഞു.
Content Highlights: Haha Facebook Post Emoji Response to No Makeup Today Maam Post Lands assam man in Trouble