
ഇംഫാൽ: മണിപ്പൂരിൽ രാഷ്ട്രപതി ഭരണത്തെ എതിർത്ത് മെയ്തെയ് വിഭാഗം. പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തണമെന്നും എംഎൽഎമാർക്ക് സഭാ നേതാവിനെ തിരഞ്ഞെടുക്കാൻ അനുവാദം നൽകണമെന്നുമാണ് മെയ്തെയ് സംഘടനകളുടെ ആവശ്യം. അതേ സമയം, രാഷ്ട്രപതി ഭരണത്തെ കുക്കി വിഭാഗം സ്വാഗതം ചെയ്തു. മുഖ്യമന്ത്രിയുടെ മാറ്റത്തേക്കാൾ നല്ലത് രാഷ്ട്രപതി ഭരണമാണ് എന്ന് ഐടിഎൽഎഫ് നേതാക്കൾ പറഞ്ഞു. കുക്കി വിഭാഗം മെയ്‌തെയ് വിഭാഗത്തെ വിശ്വസിക്കുന്നില്ല. അതിനാൽ പുതിയ മെയ്‌തെയ് മുഖ്യമന്ത്രി ഉണ്ടാകുന്നത് ആശ്വാസകരമല്ലായെന്നാണ് കുക്കി വിഭാഗത്തിൻ്റെ നിലപാട്.
അതേ സമയം, രാഷ്ട്രപതി ഭരണത്തിന് പിന്നാലെ മണിപ്പൂരിൽ സുരക്ഷാ വർദ്ധിപ്പിച്ചു. നാല് വിഘടന വാദികളെ സുരക്ഷ സേന അറസ്റ്റ് ചെയ്തു. തൗബൽ, ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നാണ് വിഘടന വാദികളെ പിടികൂടിയത്.
കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയായിരുന്ന ബിരേന്‍ സിങ് രാജിവെച്ചതിനെ തുടര്‍ന്ന് മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം പരമാവധി ശ്രമിച്ചിരുന്നുവെങ്കിലും ഒരു പേരിലേക്ക് എത്താന്‍ സാധിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മണിപ്പൂർ കലാപത്തിൻ്റെ പശ്ചാത്തലത്തിൽ സഭയിൽ കോൺഗ്രസ് അവിശ്വാസപ്രമേയം സമർപ്പിക്കാനിരിക്കെയായിരുന്നു ബിരേന്‍ സിങിന്‍റെ രാജി. രാജി കലാപം തുടങ്ങി രണ്ട് വർഷത്തിന് ശേഷമാണ് രാജി. രാജിക്കത്ത് ഗവർണർ അജയ് ഭല്ലയ്ക്ക് കൈമാറി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് രാജി പ്രഖ്യാപനം നടത്തിയത്.
Content Highlights: 'We need a new Chief Minister', Meitei faction opposes President's rule in Manipur