
ന്യൂഡല്‍ഹി: അശ്ലീല പരാമര്‍ശ കേസില്‍ യൂട്യൂബര്‍ രണ്‍വീര്‍ അല്ലബാദിയ സുപ്രീം കോടതിയെ സമീപിച്ചു. രണ്ട് സംസ്ഥാനങ്ങളിലായി രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഒന്നിച്ച് പരിഗണിക്കണം എന്നാണ് രണ്‍വീറിന്റെ ആവശ്യം. യൂട്യൂബ് ഷോയിലെ അശ്ലീല പരാമര്‍ശത്തിലാണ് രണ്‍വീര്‍ അല്ലബാദിയക്കെതിരെ കേസ്. അസം, മഹാരാഷ്ട്ര പൊലീസാണ് രണ്‍വീര്‍ അല്ലബാദിയക്കെതിരെ കേസെടുത്തത്.
പ്രമുഖ യൂട്യൂബ് ഷോ 'ഇന്ത്യാസ് ഗോട്ട് ലേറ്റന്റി'ലെ രണ്‍വീറിന്റെ പരാമര്‍ശത്തിനെതിരെയാണ് കേസ്. പരിപാടിക്കിടെ ഒരു മത്സരാര്‍ത്ഥിയോട് രണ്‍വീര്‍ അല്‍ഹബാദിയ ചോദിച്ച ചോദ്യം വിവാദമായതോടെയാണ് കേസെടുത്തത്. മാതാപിതാക്കളുടെ ലൈംഗിക ബന്ധത്തെക്കുറിച്ചായിരുന്നു ചോദ്യം. സംഭവത്തില്‍ മുംബൈ സ്വദേശികളായ രണ്ട് അഭിഭാഷകരാണ് പൊലീസില്‍ പരാതി നല്‍കിയത്.
അതേസമയം സംഭവം വിവാദമായി മാറിയതോടെ രണ്‍വീര്‍ മാപ്പ് ചോദിച്ച് രംഗത്തെത്തിയിരുന്നു. തന്റെ ഭാഗത്തു നിന്നുണ്ടായത് മോശം പരാമര്‍ശമായിരുന്നുവെന്നും മാപ്പ് ചോദിക്കുന്നുവെന്നുമാണ് രണ്‍വീര്‍ പറഞ്ഞത്. ഒരു കോടിയലധികം ഫോളോവേഴ്സുള്ള താരമാണ് ബിയര്‍ബൈസെപ്സ് എന്ന രണ്‍വീര്‍ അല്‍ഹബാദിയ. 2024ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്നും ഡിസ്റപ്റ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ഏറ്റുവാങ്ങിയിരുന്നു.
Content Highlights: Youtuber Ranveer Allahbadia will approach Supreme Court in defamation case