
ഭോപ്പാൽ: സ്ത്രീധനമായി ഥാർ നൽകാത്തതിൻറെ പേരിൽ വിവാഹത്തിൽ നിന്ന് പിന്മാറി പ്രതിശ്രുതവരൻ. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ഇതോടെ യുവാവിനും കുടുംബത്തിനുമെതിരെ സ്ത്രീധന നിരോധന വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു.
വിവാഹ സത്കാരത്തിന് തൊട്ടുമുമ്പ് വരൻ 11.50 ലക്ഷം മുതൽ 18 ലക്ഷം രൂപ വരെ വിലയുള്ള ഒരു ഥാർ ആവശ്യപ്പെട്ടതായി വധുവിന്റെ കുടുംബം ആരോപിച്ചു. എന്നാൽ ആവശ്യം നിരസിച്ചതോടെ വരൻ വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നുവെന്നാണ് പരാതി. വരൻ ആരോപണങ്ങൾ നിഷേധിച്ചു. വെള്ളിയാഴ്ചയായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്.
വധുവിന്റെ കുടുംബവും ബന്ധുക്കളും അതിഥികളും രാത്രി മുഴുവൻ കാത്തിരുന്നെങ്കിലും വരനും കുടുംബവും എത്തിയില്ല. തുടർന്ന് വധുവിന്റെ കുടുംബം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. വിവാഹത്തിന് മൂന്ന് ദിവസം മുമ്പ് വരൻ പണവും ആഭരണങ്ങളും ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു. തന്റെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വിവാഹ ഘോഷയാത്രയിൽ പങ്കെടുക്കില്ലെന്നും അയാൾ മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുണ്ട്.
തമാശ പറയുകയാണെന്നാണ് വധു ആദ്യം കരുതിയത്. ബിസിനസ് നഷ്ടമാണ് പണം ആവശ്യപ്പെട്ടതിന് കാരണമെന്ന് വരൻ പറഞ്ഞതായും അവർ പറയുന്നു. തന്റെ കുടുംബം സാമ്പത്തികമായി ഭദ്രമാണെന്നും സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്നുമായിരുന്നു യുവാവിൻറെ പ്രതികരണം.
Content Highlights: Bhopal groom seeks Thar in dowry day before wedding and skips event over unmet demand