
ന്യൂഡൽഹി: ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെ തിരക്കിൽപ്പെട്ട് യാത്രക്കാർ മരിച്ചതിന് കാരണം അനൗൺസ്‌മെന്റ് ആണെന്ന് ഡൽഹി പൊലീസ്. പ്രയാഗ് രാജിലേക്ക് പോകുന്ന ട്രെയിനുകൾ അനൗൺസ് ചെയ്തത് മുതലാണ് പ്രശ്‌നം
തുടങ്ങിയത്. പ്രയാഗ് രാജ് എക്സ്പ്രസ്സ് 14 നമ്പർ പ്ലാറ്റ്‌ഫോമിൽ നിർത്തിയിട്ടിരുന്നു. പ്രയാഗ് രാജിലേക്കുള്ള മറ്റൊരു സ്പെഷ്യൽ ട്രെയിൻ 16 നമ്പർ പ്ലാറ്റ്‌ഫോമിലേക്ക് എത്തുന്നു എന്നായിരുന്നു അനൗൺസ്‌മെന്റ്. ഇതോടെ ആശയക്കുഴപ്പത്തിലായ യാത്രക്കാർ പ്ലാറ്റ്‌ഫോം മാറാൻ തിരക്ക് കൂട്ടുകയും അപകടത്തിലേക്ക് നയിക്കുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
പ്രയാഗ് രാജ് സ്പെഷ്യൽ, പ്രയാഗ് രാജ് എക്സ്പ്രസ് എന്ന പേരിൽ രണ്ട് ട്രെയിനുകളായിരുന്നു സംഭവദിവസം സർവീസ് നടത്താനിരുന്നത്. അനൌൺസ്മെൻ്റെ വന്നതോടെ14-ാം നമ്പർ പ്ലാറ്റ്ഫോമിൽ പ്രയാഗ് രാജ് എക്സ്പ്രസ് കാത്തുനിന്നിരുന്ന യാത്രക്കാർ 16-ാം പ്ലാറ്റ്ഫോമിലേക്ക് ഓടി. ഇതിനിടെ 12,13,14 പ്ലാറ്റ്ഫോമുകളിലായി തിക്കും തിരക്കും ഉണ്ടാവുകയായിരുന്നു.
ശനിയാഴ്ച രാത്രി പത്ത് മണിയോടെയുണ്ടായ അപകടത്തിൽ പതിനെട്ടോളം പേരാണ് മരിച്ചത്. പ്രയാഗ് രാജിലെ മഹാകുംഭമേള ഉത്സവങ്ങൾക്ക് പോകാനെത്തിയ നിരവധി യാത്രക്കാരും സ്റ്റേഷനിലുണ്ടായിരുന്നു. നാല് പ്രത്യേക ട്രെയിനുകൾ പ്രയാഗ് രാജിലേക്ക് സർവീസുകൾ നിശ്ചയിച്ചിരുന്നുവെങ്കിലും ഇതിൽ മൂന്ന് ട്രെയിനുകൾ വൈകിയതോടെ സ്റ്റേഷനിലെ തിരക്കും കൂടി. ഇതിന് പുറമെ കൂടുതൽ ടിക്കറ്റുകൾ കൂടി വിറ്റതോടെ പ്ലാറ്റ്‌ഫോം നമ്പർ 14 ൽ യാത്രക്കാരുടെ എണ്ണം അനിയന്ത്രിതമായി ഉയരുകയും വലിയ ആൾക്കൂട്ടം രൂപപ്പെടുകയുമായിരുന്നു.
ട്രെയിൻ അനൗൺസ്‌മെന്റ് കേട്ടതും പ്ലാറ്റ്‌ഫോം നമ്പർ 14 ലെ യാത്രക്കാർ ഒന്നടങ്കം തിരക്കിട്ട് മേൽപ്പാലത്തിലൂടെ 16 ലേക്ക് ഓടി. ഇതിനിടെ ഓവർബ്രിഡ്ജിൽ ഇരിക്കുന്ന യാത്രക്കാരുടെ മുകളിലേക്ക് യാത്രക്കാർ വീഴുകയും അപകടം ഉണ്ടാവുകയുമായിരുന്നു. സംഭവസമയത്ത് പട്നയിലേക്ക് പോകുന്ന മഗധ് എക്സ്പ്രസ് 14-ാം പ്ലാറ്റ്ഫോമിലും ജമ്മുവിലേക്കുള്ള ഉത്തർ സമ്പർക്ക് ക്രാന്തി 15-ാം പ്ലാറ്റ്ഫോമിലും നിൽക്കുന്നുണ്ടായിരുന്നു.
Content Highlight: New Delhi railway station stampede: confusion among names of trains lead to incident says Delhi Police