
ന്യൂഡൽഹി: രണ്ടുദിവസത്തെ സന്ദർശനത്തിനായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഇന്ത്യയിലെത്തി. പ്രോട്ടോകോൾ മറികടന്ന് ഖത്തർ അമീറിനെ സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി.
മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ ഉന്നതതല സംഘം അമീറിനൊപ്പമുണ്ട്. പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരമാണ് ഖത്തർ അമീറിൻറെ ഇന്ത്യാ സന്ദർശനം. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ രാത്രി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. ഖത്തർ അമീറിന്റെ രണ്ടാമത്തെ ഇന്ത്യ സന്ദർശനമാണിത്. 2015-ലായിരുന്നു ആദ്യസന്ദർശനം.
ചൊവ്വാഴ്ച രാവിലെ രാഷ്ട്രപതി ഭവൻ അങ്കണത്തിൽ ഖത്തർ അമീറിന് ആചാരപരമായ സ്വീകരണം നൽകും. തുടർന്ന് ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. രാഷ്ട്രപതി ദ്രൗപദി മുർമുവുമായും ചർച്ച നടത്തും. വ്യാപാരം, നിക്ഷേപം, ഊർജം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാനാണ് സന്ദർശനമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Content Highlights: modi welcomed Amir of the State of Qatar