
ഗാന്ധിനഗര്‍: ഗുജറാത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഉജ്ജ്വല വിജയം. ജുനഗദ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്കും 68 മുനിസിപ്പാലിറ്റികളിലേക്കും മൂന്ന് താലൂക്ക് പഞ്ചായത്തുകളിലേക്കും നടന്ന തിരഞ്ഞെടുപ്പിലാണ് ബിജെപി മികച്ച വിജയം സ്വന്തമാക്കിയത്. ഫെബ്രുവരി 16നാണ് തിരഞ്ഞെടുപ്പ് നടന്നത്.
ജുനഗദ് മുനിസിപ്പല്‍ കോര്‍പ്പറേഷനും 68ല്‍ 60 മുനിസിപ്പാലിറ്റികളും മൂന്ന് താലൂക്ക് പഞ്ചായത്തുകളും ബിജെപി സ്വന്തമാക്കി. കോണ്‍ഗ്രസിന്റെ കയ്യിലുണ്ടായിരുന്ന 15 മുനിസിപ്പാലിറ്റികള്‍ സ്വന്തമാക്കിയാണ് ബിജെപിയുടെ വിജയമെന്നത് ശ്രദ്ധേയമാണ്. 2022ലെ നിയമസഭ തിരഞ്ഞെടുപ്പിലും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 26ല്‍ 25 സീറ്റും നേടിയ വിജയ പരമ്പര ബിജെപി സംസ്ഥാനത്ത് തുടരുകയാണെന്ന് ഇന്നത്തെ ഫലം പറയുന്നു.
കോണ്‍ഗ്രസിന് ഒരു മുനിസിപ്പാലിറ്റി മാത്രമാണ് സ്വന്തമാക്കാനായത്. അതേ സമയം സമാജ്‌വാദി പാര്‍ട്ടി രണ്ട് മുനിസിപ്പാലിറ്റികള്‍ നേടി. തദ്ദേശ സ്ഥാപനങ്ങളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് 27 ശതമാനം സംവരണം നടപ്പിലാക്കിയതിന് ശേഷം നടനടന്ന ആദ്യ തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്.
ജുനഗദ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 60 സീറ്റുകളില്‍ 48 എണ്ണം ബിജെപി നേടി. കോണ്‍ഗ്രസിന് 11 സീറ്റുകളാണ് ലഭിച്ചത്. ഒരു സീറ്റില്‍ സ്വതന്ത്രനാണ് വിജയിച്ചത്. ദേവ്ഭൂമി ദ്വാരക ജില്ലയിലെ സാലയ മുനിസിപ്പാലിറ്റിയാണ് കോണ്‍ഗ്രസ് നേടിയത്. 28ല്‍ 15 സീറ്റുകളില്‍ കോണ്‍ഗ്രസ് ഇവിടെ വിജയിച്ചു. ആംആദ്മി പാര്‍ട്ടി 11 സീറ്റുകളും നേടി.
മുനിസിപ്പാലിറ്റികളില്‍ 1315 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. കോണ്‍ഗ്രസ് 252 സീറ്റുകളില്‍ വിജയിച്ചു. 126 സീറ്റുകള്‍ സ്വതന്ത്രര്‍ നേടി. ബിഎസ്പി 11 സീറ്റുകളും ആംആദ്മി പാര്‍ട്ടിക്ക് 13 സീറ്റുകളും നേടി.
Content Highlights: BJP registers landslide victory at gujarat