'അച്ഛൻ അമ്മയെ കൊന്നു, മൃതദേഹം കെട്ടിത്തൂക്കി'; നാലുവയസുകാരിയുടെ മൊഴിയും വരച്ച ചിത്രവും നിർണായകമായി

വർഷങ്ങളോളം തുടർന്ന പീഡനത്തിനുശേഷം ഭർത്താവ് സന്ദീപ് ബുധോലിയ തന്നെയാണ് സ്ത്രീയെ ആക്രമിച്ച് കൊലപ്പെടുത്തിയതാണെന്ന സംശയമുയർത്തിയത് മകളുടെ മൊഴിയും വരച്ച ചിത്രവുമാണ്

dot image

ഝാൻസി: സ്ത്രീയുടേത് ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാനുള്ള ഭർതൃവീട്ടുകാരുടെ ശ്രമം പൊളിച്ചത് നാലുവയസുകാരിയായ മകൾ വരച്ച ചിത്രം. ഉത്തർപ്രദേശിലെ ഝാൻസിയിലെ കോട്‌വാലി പ്രദേശത്തിന് കീഴിലുള്ള പഞ്ചവടി ശിവ് പരിവാർ കോളനിയിൽ തിങ്കളാഴ്ചയാണ് സോണാലി ബുധോലിയ(27) എന്ന സ്ത്രീ മരിച്ചത്.

വർഷങ്ങളോളം തുടർന്ന പീഡനത്തിനുശേഷം ഭർത്താവ് സന്ദീപ് ബുധോലിയ തന്നെയാണ് സ്ത്രീയെ ആക്രമിച്ച് കൊലപ്പെടുത്തിയതെന്ന സംശയമുയർത്തിയത് മകളുടെ മൊഴിയും വരച്ച ചിത്രവുമാണ്. സോണാലി ആത്മഹത്യ ചെയ്തതായാണ് ഭർതൃവീട്ടുകാർ അവരുടെ കുടുംബത്തോട് പറഞ്ഞത്. എന്നാൽ മകൾ ദർശിത വരച്ച ഒരു ചിത്രവും മൊഴിയും സൂചിപ്പിക്കുന്നത് ഭർത്താവാണ് അവരെ കൊലപ്പെടുത്തിയതെന്നും ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ മൃതദേഹം കെട്ടിത്തൂക്കിയെന്നുമാണ്. മെഡിക്കൽ പ്രതിനിധിയാണ് സന്ദീപ് ബുധോലിയ.

"അച്ഛൻ അമ്മയെ ആക്രമിച്ച് കൊന്നതാണ്. തലയിൽ ഒരു കല്ലുകൊണ്ട് അടിച്ചശേഷം ശരീരം കെട്ടിത്തൂക്കി. പിന്നീട്, അയാൾ മൃതദേഹം താഴെയിറക്കി ഒരു ചാക്കിലാക്കി ഉപേക്ഷിച്ചു," പിന്നീട് ആക്രമണത്തിന്റെ ചിത്രം വരച്ച് കാണിച്ചുകൊണ്ട് മകൾ ദർശിത മാധ്യമപ്രവർത്തകരോട് പറഞ്ഞു. അച്ഛൻ തൻ്റെ അമ്മയെ കൊല്ലുമെന്ന് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടി വെളിപ്പെടുത്തിയിരുന്നു.

"എന്റെ അമ്മയെ തൊട്ടാൽ നിങ്ങളുടെ കൈ ഒടിക്കുമെന്ന് ഞാൻ ഒരിക്കൽ അച്ഛനോട് പറഞ്ഞിരുന്നു. അവർ മരിക്കണമെന്നും അമ്മയുടെ അതേ വിധി എനിക്കും നേരിടേണ്ടിവരുമെന്നും പറഞ്ഞ് അയാൾ അടിക്കാറുണ്ടായിരുന്നു," കുട്ടി പറഞ്ഞു. മകളും സന്ദീപും 2019 ൽ വിവാഹിതരായെന്നും അതിനുശേഷം ഉവർക്കിടയിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നുമാണ് മധ്യപ്രദേശിലെ ടിക്കംഗഢ് ജില്ലയിൽ താമസിക്കുന്ന സോണാലിയുടെ പിതാവ് സഞ്ജീവ് ത്രിപാഠി പറഞ്ഞത്.

"വിവാഹദിവസം ഞാൻ അവർക്ക് സ്ത്രീധനമായി 20 ലക്ഷം രൂപ നൽകി, പക്ഷേ ദിവസങ്ങൾക്ക് ശേഷം, സന്ദീപും കുടുംബവും പുതിയ ആവശ്യങ്ങൾ ഉന്നയിക്കാൻ തുടങ്ങി. അവർക്ക് ഒരു കാർ വേണമെന്നുപറഞ്ഞു. പക്ഷേ കാർ വാങ്ങുകയെന്നത് എനിക്ക് കഴിയുന്നതിലും അപ്പുറമാണെന്ന് ഞാൻ അവരോട് പറഞ്ഞു. തുടർന്ന് അയാളും കുടുംബവും എന്റെ മകളെ ആക്രമിക്കാൻ തുടങ്ങി. ഒരിക്കൽ ഞാൻ ഇതിനെതിരെ പൊലീസിനെ സമീപിച്ചു.

ഞങ്ങൾ ഒത്തുതീർപ്പിലെത്തിയാണ് പിരിഞ്ഞത്," അയാൾ പറഞ്ഞു. എന്നാൽ സൊണാലി ഒരു പെൺകുട്ടിയെ പ്രസവിച്ചതോടെ സ്ഥിതി കൂടുതൽ വഷളായെന്നും പിതാവ് പറഞ്ഞു. "സന്ദീപിന് ഒരു ആൺകുട്ടിയെ വേണമായിരുന്നു. പ്രസവശേഷം, അദ്ദേഹവും കുടുംബവും എന്റെ മകളെ ആശുപത്രിയിൽ തനിച്ചാക്കി. ഞാൻ അവളെ വീട്ടിലേക്ക് കൊണ്ടുപോയി. ഒരു മാസത്തിനുശേഷമാണ് സന്ദീപ് സോണാലിയെയും ദർശിതയെയും കൊണ്ടുപോകാൻ വന്നത്," അദ്ദേഹം പറഞ്ഞു. "ഇന്ന് രാവിലെ എനിക്ക് ഒരു കോൾ വന്നു. എന്റെ മകളുടെ ആരോഗ്യം മോശമായതായി അറിയിച്ചു. കുറച്ച് സമയത്തിന് ശേഷം, അവൾ തൂങ്ങിമരിച്ചെന്ന് പറഞ്ഞുകൊണ്ട് എനിക്ക് വീണ്ടും ഒരു കോൾ വന്നു", അദ്ദേഹം പറഞ്ഞു.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും കോട്‌വാലി സിറ്റി പൊലീസ് ഓഫീസർ രാംവീർ സിംഗ് പറഞ്ഞു.'ഭർത്താവിന്റെ വീട്ടിൽ വെച്ച് ദുരൂഹ സാഹചര്യത്തിൽ സ്ത്രീ മരിച്ചതായി ഞങ്ങൾക്ക് ഒരു ഫോൺ കോൾ ലഭിച്ചു. അവർ കൊല്ലപ്പെട്ടതാണെന്നാണ് അവരുടെ മാതാപിതാക്കളുടെ ആരോപണം. ഞങ്ങൾ കേസ് അന്വേഷിച്ചുവരികയാണ്,' പൊലീസ് പറഞ്ഞു.

Content Highlights: child alleged that her father had threatened to kill her mother earlier

dot image
To advertise here,contact us
dot image