
ഭിന്ദ്: മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിൽ ട്രക്ക് വാനിലിടിച്ച് അഞ്ചുപേർക്ക് ദാരുണാന്ത്യം. 20 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ മൂന്നുപേർ സ്ത്രീകളാണ്. ചൊവ്വാഴ്ച പുലർച്ചെ അഞ്ച് മണിയോടെ ജവഹർപുര ഗ്രാമത്തിന് സമീപം വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു അപകടം. മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. മറ്റ് രണ്ട് പേർ ആശുപത്രിയിൽ വെച്ചാണ് മരിച്ചതെന്ന് ഭിന്ദ് ജില്ലാ പൊലീസ് സൂപ്രണ്ട് അസിത് യാദവ് പറഞ്ഞു.
പരിക്കേറ്റവരിൽ 12 പേരെ ചികിത്സയ്ക്കായി ഗ്വാളിയറിലേക്ക് കൊണ്ടു പോയി. മറ്റുള്ളവർ ഭിന്ദ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെത്തുടർന്ന് രോഷാകുലരായ നാട്ടുകാർ റോഡ് ഉപരോധിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മധ്യപ്രദേശ് മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ വോളന്ററി ഗ്രാന്റിൽ നിന്ന് നാല് ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും ചെറിയ പരിക്കേറ്റവർക്ക് 50,000 രൂപ വീതവും സർക്കാർ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Content Highlights: five killed and several injured after dumper truck hits van in Madhya Pradesh's Bhind