ഇന്ത്യയ്ക്ക് പകരം ഭാരതം അല്ലെങ്കിൽ ഹിന്ദുസ്ഥാൻ എന്നാക്കണം: ഹർജിയിൽ നിലപാട് അറിയിക്കാൻ കേന്ദ്രത്തിന് സമയം നൽകി

വിഷയത്തിൽ നിലപാട് പറയാൻ കേന്ദ്രത്തിൻ്റെ അഭിഭാഷകർ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് കോടതി കേസ് മാറ്റിവെയ്ക്കുകയായിരുന്നു

dot image

ന്യൂഡൽഹി: ഭരണഘടന ഭേദഗതി ചെയ്യണമെന്നും ഇന്ത്യ എന്നതിന് പകരം ‘ഭാരതം’ അല്ലെങ്കിൽ ‘ഹിന്ദുസ്ഥാൻ’ എന്ന് മാറ്റാൻ സർക്കാരിന് നി‍ർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിൽ നിലപാട് അറിയിക്കാൻ കേന്ദ്ര സ‍ർക്കാർ അഭിഭാഷകന് കൂടുതൽ സമയം അനുവദിച്ച് ‍ഡൽഹി ഹൈക്കോടതി. ഫെബ്രുവരി 4-ന് ജസ്റ്റിസ് സച്ചിൻ ദത്തയുടെ മുമ്പാകെ വാദത്തിനെത്തിയ ഹർജി മാർച്ച് 12-ന് കൂടുതൽ വാദം കേൾക്കുന്നതിനായി കോടതി മാറ്റിവെയ്ക്കുകയായിരുന്നു. വിഷയത്തിൽ നിലപാട് പറയാൻ കേന്ദ്രത്തിൻ്റെ അഭിഭാഷകർ കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു.

ഭരണഘടന ഭേദഗതി ചെയ്യാനും ഇന്ത്യ എന്നതിന് പകരം ‘ഭാരതം’ അല്ലെങ്കിൽ ‘ഹിന്ദുസ്ഥാൻ’ എന്ന് മാറ്റാൻ കേന്ദ്രത്തോട് നിർദേശിക്കാനും ആവശ്യപ്പെട്ട് ഹർജിക്കാരൻ ആദ്യം സുപ്രീം കോടതിയെയാണ് സമീപിച്ചത്. ബന്ധപ്പെട്ട മന്ത്രാലയങ്ങൾ ഹർജിയിലെ ആവശ്യം പരി​ഗണിക്കണമെന്ന് നി‍ർദ്ദേശിച്ച് 2020-ൽ സുപ്രീം കോടതി കേസ് തീർപ്പാക്കുകയായിരുന്നു.

എന്നാൽ സുപ്രീം കോടതി നിർദ്ദേശം ബന്ധപ്പെട്ട മന്ത്രാലയങ്ങൾ പരി​ഗണിക്കാത്ത സാഹചര്യത്തിൽ ഇത് സംബന്ധിച്ച് അധികാരികൾക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഹരജിക്കാരനായ നമഹ ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു.

"സുപ്രീം കോടതിയുടെ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ എടുത്ത തീരുമാനത്തെക്കുറിച്ച് എതിർകക്ഷികളിൽ നിന്ന് ഒരു അപ്‌ഡേറ്റും ഇല്ലാത്തതിനാൽ കോടതിയെ സമീപിക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ല'' എന്ന് ചൂണ്ടിക്കാണിച്ചാണ് നമഹ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

'ഇന്ത്യ' എന്ന ഇംഗ്ലീഷ് നാമം രാജ്യത്തിൻ്റെ സംസ്കാരത്തെയും പാരമ്പര്യത്തെയും പ്രതിനിധീകരിക്കുന്നില്ലെന്നും അതിനെ 'ഭാരതം' എന്ന് പുനർനാമകരണം ചെയ്യുന്നത് "കൊളോണിയൽ നുകം" ഉപേക്ഷിക്കാൻ പൗരന്മാരെ സഹായിക്കുമെന്നും ഹർജിയിൽ പറയുന്നുണ്ട്. രാജ്യത്തിൻ്റെ പേരും പ്രദേശവും കൈകാര്യം ചെയ്യുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 1 ഭേദഗതി ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.

1948-ലെ ഭരണഘടനാ അസംബ്ലി ചർച്ചയിൽ കരട് ഭരണഘടനയുടെ ആർട്ടിക്കിൾ 1-മായി ബന്ധപ്പെട്ട് രാജ്യത്തിന് 'ഭാരതം' അല്ലെങ്കിൽ 'ഹിന്ദുസ്ഥാൻ' എന്ന് പേരിടുന്നതിന് അനുകൂലമായ ശക്തമായ വികാരം ഉണ്ടായിരുന്നുവെന്ന് ഹർജിയിൽ പറയുന്നു.

രാജ്യത്തെ ന​ഗരങ്ങളുടെ പേര് പുനർനാമകരണം ചെയ്യുന്ന പശ്ചാത്തലത്തിൽ രാജ്യത്തിൻ്റെ യഥാർത്ഥവും ആധികാരികവുമായ പേര് ഭാരതം എന്ന് മാറ്റാനുള്ള സമയം ഇപ്പോൾ പാകമായിരിക്കുന്നു എന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.

Content Highlihts: Government granted extension for its stand on plea to rename India as 'Bharat'

dot image
To advertise here,contact us
dot image