
ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ പയറ്റി വിജയിച്ച തന്ത്രങ്ങൾ വരാനിരിക്കുന്ന ബിഹാർ, പശ്ചിമബംഗാൾ തിരഞ്ഞെടുപ്പുകളിലും പയറ്റാൻ ആർഎസ്എസ്. ബിഹാർ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ 'മിഷൻ തൃശൂൽ' എന്ന പേരിൽ പുതിയ തിരഞ്ഞെടുപ്പ് ദൗത്യത്തിന് ആർഎസ്എസ് തുടക്കം കുറിച്ചുവെന്നാണ് റിപ്പോർട്ട്. മൂന്ന് നിർണായക വിഷയങ്ങൾക്ക് ഊന്നൽ നൽകുന്ന ദൗത്യമാണ് മിഷൻ തൃശൂൽ.
വളരെ രഹസ്യാത്മകമായി നടത്തുന്ന സർവേകളിലൂടെ പ്രധാന പ്രശ്നങ്ങളെയും അസംതൃപ്തരായ വോട്ടർമരെയും തിരിച്ചറിയുക എന്നാണ് ആർഎസ്എസ് ലക്ഷ്യമിടുന്നത്. ഈ വിഷയങ്ങൾ വിശകലനം ചെയ്ത് തിരഞ്ഞെടുപ്പിനുള്ള അജണ്ട രൂപപ്പെടുത്തും. അതിനൊപ്പം ബിജെപിക്ക് അനുകൂലമായേക്കാവുന്ന തിരഞ്ഞെടുപ്പ് നേട്ടങ്ങളും അഭിമുഖീകരിച്ചേക്കാവുന്ന അപകടസാധ്യതകളും വിശകലനം ചെയ്യുക എന്നതും ആർഎസ്എസ് ലക്ഷ്യം വെയ്ക്കുന്നു. ഏറ്റവും താഴെത്തട്ടിൽ പോലും സുസംഘടിതമായ കേഡർ സ്വഭാവത്തിലുള്ള പ്രാദേശിക ശാഖകളെ പ്രയോജനപ്പെടുത്തി അതീവ രഹസ്യാത്മകമായാണ് ആർഎസ്എസ് സർവെ നടത്തുന്നത്. ഇതിൻ്റെ ഭാഗമായി ബിഹാറിൽ ശാഖകളുടെ എണ്ണം വർദ്ധിപ്പിക്കാനും ആർഎസ്എസ് ലക്ഷ്യമിടുന്നുണ്ടെന്നാണ് റിപ്പോർട്ട്.
പ്രവർത്തനം ഏറ്റവും കാര്യക്ഷമമായി താഴേതട്ടിലേയ്ക്ക് വ്യാപിക്കാൻ ബിഹാറിനെ രണ്ട് മേഖലകളായി തിരിച്ച് പ്രവർത്തനം ശക്തമാക്കാനാണ് ആർഎസ്എസ് ലക്ഷ്യമിടുന്നത്. വടക്കൻ ബിഹാർ, ദക്ഷിണ ബിഹാർ എന്നിങ്ങനെ തിരിച്ച് സംഘടനാ പ്രവർത്തനം ആർഎസ്എസ് ശക്തമാക്കിയെന്നാണ് റിപ്പോർട്ട്. സമഗ്രമായ ബൂത്ത് തല സർവേ അവലോകന യോഗം അടുത്തമാസം ചേരുമെന്നും റിപ്പോർട്ടുകളുണ്ട്. ഡൽഹി തിരഞ്ഞെടുപ്പിൽ ബിജെപി വിജയത്തിൽ നിർണായകമായത് താഴെതട്ടിൽ ആർഎസ്എസ് നടത്തിയ ഇടപെടലുകളായിരുന്നു. ഡൽഹിയിൽ ഉടനീളം അരലക്ഷത്തോളം യോഗങ്ങളായിരുന്നു ആർഎസ്എസ് വിളിച്ച് ചേർത്തിരുന്നത്.
'ഡ്രോയിങ് റൂം' മീറ്റിങ്ങുകളിലൂടെ ഡൽഹി പിടിക്കാൻ ആർഎസ്എസ് ബിജെപിയെ സജ്ജരാക്കിയതും ചർച്ചയായിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപേ തന്നെ ആർഎസ്എസ് ഡൽഹിയിൽ അവരുടെ ജോലി തുടങ്ങിയിരുന്നു. രാജ്യതലസ്ഥാനത്തെ എട്ട് 'വിഭാഗു'കൾ ആക്കി തിരിച്ചും, അവയിൽ തന്നെ കൃത്യമായി വികേന്ദ്രീകരണം കൊണ്ടുവന്നുമാണ് ആർഎസ്എസ് പ്രവർത്തിച്ചത്. ഈ രീതി പ്രകാരം 173 'നഗറു'കളായി ഡൽഹിയെ അവർ തിരിച്ചായിരുന്നു പ്രവർത്തനം. ഇവിടങ്ങളിൽ ആർഎസ്എസ് പ്രചാരകന്മാർക്ക് കൃത്യമായ ചുമതലകളും നൽകി.
പ്രാദേശിക ചുറ്റുവട്ടങ്ങൾ, ഓഫീസുകൾ, സ്കൂളുകൾ, കോളേജുകൾ, തുടങ്ങി ജനങ്ങളുള്ള എല്ലാ മേഖലകളിലും ഡ്രോയിങ് റൂം മീറ്റിങ്ങുകൾ പ്രചാരകർ സംഘടിപ്പിച്ചിരുന്നു. ഏകദേശം 2000ത്തോളം ഡ്രോയിങ് റൂം മീറ്റിങ്ങുകൾ ആർഎസ്എസ് ഇത്തരത്തിൽ ഡൽഹിയിൽ നടത്തിയിരുന്നു എന്നാണ് കണക്കുകൾ.
Content Highlights: RSS Shifts Focus On Bihar Assembly Polls To Help BJP With ‘Mission Trishul’