
ന്യൂഡല്‍ഹി: രാഷ്ട്രീയമായ ആത്മാര്‍ത്ഥത ഇല്ലാതെ പുറത്തു നിന്നുള്ളവരെ പാര്‍ട്ടിയുടെ ഭാഗമാക്കരുതെന്ന് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. മോശം സമയങ്ങളില്‍ അത്തരം ആളുകള്‍ പാര്‍ട്ടിയെ തള്ളി പോകുന്നത് കൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നും നേതാക്കളോട് അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരുടെയും സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളുടെയും യോഗത്തിലാണ് ഖര്‍ഗെ ഇക്കാര്യം പറഞ്ഞത്.
താഴെ തട്ടില്‍ പ്രത്യയശാസ്ത്രപരമായി ദൃഡത ഉള്ള ആളുകളെ സംഘടനയുടെ ഭാഗമാക്കണം. അത് പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും ഖര്‍ഗെ പറഞ്ഞു. പുതുതായി നിയോഗിച്ച 11 ജനറല്‍ സെക്രട്ടറിമാരും സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളും യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇനി വരുന്ന തിരഞ്ഞെടുപ്പ് ഫലങ്ങളുടെ ഉത്തരവാദിത്തം ഈ നേതാക്കള്‍ക്കായിരിക്കുമെന്നും ഖര്‍ഗെ പറഞ്ഞു.
അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന പദ്ധതിയെ കുറിച്ചും ഖര്‍ഗെ ഈ യോഗത്തില്‍ പറഞ്ഞു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കണം. പ്രധാന പ്രതിപക്ഷമായി നിന്ന് പോരാടണം. എങ്കില്‍ മാത്രമേ ജനങ്ങളുടെ ആദ്യ ഇഷ്ടം പാര്‍ട്ടിയോടാകൂ എന്നും ഖര്‍ഗെ പറഞ്ഞു.
വിശ്വസ്ഥതയും പ്രത്യയശാസ്ത്രപരമായി ശക്തിയും ഉള്ളവരെ പാര്‍ട്ടുടെ ഭാഗമാക്കുക. അവരെ കാണുക. ബൂത്ത്, മണ്ഡലം, ബ്ലോക്ക്, ജില്ലാ, സംസ്ഥാന തലങ്ങൡലേക്കുള്ള തന്ത്രങ്ങള്‍ മെനയണം. കോണ്‍ഗ്രസ് പ്രത്യയശാസ്ത്രത്തോട് വിശ്വാസ്യത പുലര്‍ത്തുന്ന, മോശം സാഹചര്യങ്ങളില്‍ പാറ പോലെ നില്‍ക്കുന്നവരെ പാര്‍ട്ടി നേതൃതലങ്ങളിലേക്ക് ഉയര്‍ത്തണം. പല സമയങ്ങളിലും, പാര്‍ട്ടിയെ ശക്തിപ്പെടുത്താനെന്നോണം പലരെയും ധൃതിയില്‍ പാര്‍ട്ടിയില്‍ എടുക്കും. പ്രത്യയശാസ്ത്രം വേണ്ടത്ര അറിയാത്തവര്‍ മോശം സമയത്ത് നമ്മെ വിട്ടുപോകും. അത്തരം ആളുകളെ നമ്മള്‍ അകറ്റി നിര്‍ത്തണമെന്നും ഖര്‍ഗെ നേതാക്കളോട് പറഞ്ഞു.
ഇക്കാര്യങ്ങള്‍ ഓര്‍മ്മിച്ച് കൊണ്ട് ബൂത്തുകളിലേക്ക് പോകണം. നന്നായി പ്രവര്‍ത്തിക്കുക. പ്രവര്‍ത്തകരോട് ഇടപെടുക. നമ്മുടെ പോഷക സംഘടനകളെയും സെല്ലുകളെയും ഇടപെടുത്തണം. പ്രത്യേകിച്ച് ഐഎന്‍ടിയുസിയെ കുറിച്ച് പറയുന്നു. അവര്‍ നമ്മളുടെ അവിഭാജ്യ ഘടകമാണ്. അവരെയും സംഘടന കെട്ടിപ്പെടുക്കാന്‍ ഉപയോഗിക്കണമെന്നും ഖര്‍ഗെ പറഞ്ഞു.
ഡല്‍ഹി തിരഞ്ഞെടുപ്പില്‍ നേതാക്കളും പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥികളും പാര്‍ട്ടിയുടെ സാമ്പത്തികാവസ്ഥ മോശമായിട്ടും അത് കണക്കിലെടുക്കാതെ പ്രവര്‍ത്തിച്ചു. ഡല്‍ഹിയിലെ ജനങ്ങള്‍ മാറ്റത്തിനാണ് വോട്ട് ചെയ്‌തെന്നും ഖര്‍ഗെ പറഞ്ഞു.
Content Highlights: mallikarjun kharge to leaders, should promote such people committed to the ideology of Congress