
ന്യൂഡൽഹി: കൈക്കൂലി, സാമ്പത്തിക തട്ടിപ്പ് ഉൾപ്പെടെയുള്ള കേസുകളിൽ അദാനി ഗ്രൂപ്പ് സ്ഥാപകൻ ഗൗതം അദാനിക്കും, സാഗർ അദാനിക്കും എതിരായ അന്വേഷണത്തിൽ ഇന്ത്യയുടെ സഹായം തേടി യുഎസ്. യുഎസ് ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ (എസ്ഇസി) ആണ് ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ചിരിക്കുന്നത്. ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ചതായി റെഗുലേറ്റർ ന്യൂയോർക്ക് ജില്ലാ കോടതിയെ അറിയിച്ചിട്ടുണ്ട്. അദാനിയും മറ്റ് ആരോപണവിധേയരും ഇന്ത്യയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം.
സെക്യൂരിറ്റീസ് തട്ടിപ്പ്, 265 മില്യൺ ഡോളറിൻ്റെ (ഏകദേശം 2200 കോടി) കൈക്കൂലി കേസ് എന്നിവയിലാണ് എസ്ഇസി ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ചിരിക്കുന്നത്. അതേസമയം സംഭവത്തിൽ അദാനി ഗ്രൂപ്പോ നിയമ മന്ത്രാലയമോ പ്രതികരിച്ചിട്ടില്ല.
വാഷിംഗ്ടൺ സന്ദർശനത്തിൽ ഡൊണാൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിൽ താൻ അദാനി കേസ് ചർച്ച ചെയ്തിട്ടില്ല എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ഇതിന് പിന്നാലെയാണ് സംഭവം. അദാനിയെ കുറിച്ച് കൂടിക്കാഴ്ചയിൽ ചർച്ച നടന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇന്ത്യയുടെ പാരമ്പര്യം ജനാധിപത്യമാണെന്നും ലോകം ഒന്നാണെന്നാണ് തങ്ങൾ വിശ്വസിക്കുന്നതെന്നും മോദി പ്രതികരിച്ചിരുന്നു. വ്യക്തികളുടെ വിഷയങ്ങൾ രണ്ട് പ്രമുഖ നേതാക്കളുടെ കൂടിക്കാഴ്ചയിൽ വിഷയമാകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.
അതേസമയം വിഷയത്തിൽ ഗൗതം അദാനിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. മോദി അദാനിയ്ക്ക് സംരക്ഷണമൊരുക്കുകയാണെന്നും കോൺഗ്രസ് പറഞ്ഞു. വിമർശനവുമായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയിത്രയും രംഗത്തെത്തിയിട്ടുണ്ട്.
'മോദിയുടെ ആത്മാർത്ഥ സുഹൃത്തായ അദാനിക്കെതിരായ പരാതി അന്വേഷിക്കണമെന്ന് യുഎസ് എസ്ഇസി ആവശ്യപ്പെട്ടിരിക്കുകയാണ്. തികച്ചും വ്യക്തിപരമായ ഈ വിഷയത്തിൽ മോദി നിയമപ്രകാരമുള്ള ചുമതല നിർവഹിക്കുമോ ഇല്ലയോ? രാജ്യത്തിന് ഉത്തരമറിയണം', മഹുവ മൊയിത്ര എക്സിൽ കുറിച്ചു.
Content Highlight: US seeks India'shelp in cases against Adani