കാൽ നൂറ്റാണ്ട് ബിജെപിയെ മോഹിപ്പിച്ച ഡൽഹിയിൽ വലതുകാൽ വെച്ച് 'രേഖാ ​ഗുപ്ത' ; ഈ വനിതാ ​ഗെയിം ചേഞ്ചർ ആരാണ് ?

എന്തിനേറെ ഡൽഹിയുടെ രാഷ്ട്രീയ നീക്കങ്ങളില്‍ ബിജെപിക്ക് ഒരു ഗെയിം-ചേഞ്ചറായി രേഖയുടെ നേതൃപാടവം കണക്കാക്കപ്പെടുന്നു

dot image

ന്യൂഡൽഹി : സുഷമാ സ്വരാജ്, ഷീലാ ദീക്ഷിത്, അതിഷി, ഒടുവിലിതാ രേഖാ ​ഗുപ്ത. ഇന്ത്യൻ തലസ്ഥാനത്തെ നയിക്കാൻ നാലാമത് ഒരു സ്ത്രീയെ കളത്തിലിറക്കിയിരിക്കുകയാണ് ബിജെപി. 'രേഖാ ​ഗുപ്ത'. 27 വ‍ർഷങ്ങൾക്ക് ശേഷം ഡൽഹി പിടിച്ചെടുത്ത ബിജെപി അതിന്റെ തലപ്പത്ത് ഒരു വനിതയെ നിയോഗിച്ചിരിക്കുന്നു. കാൽനൂറ്റാണ്ട് ബിജെപിയെ മോഹിപ്പിച്ച ഡൽഹിയിൽ എന്തായാലും ഒരു പരീക്ഷണത്തിന് കേന്ദ്ര നേതൃത്വം തയ്യാറാകില്ലെന്നുറപ്പാണ്. ആംആദ്മി പാർട്ടിയുടെ ബന്ദാന കുമാരിയെ 29,595 വോട്ടുകൾക്ക് അട്ടിമറിച്ചു കൊണ്ടായിരുന്നു രേഖാ​ഗുപ്ത തന്റെ വിജയം ഷാലിമാർ ബാ​ഗിൽ അടയാളപ്പെടുത്തിയത്. പരിശോധിക്കാം. ആരാണ് ഡൽഹിയുടെ വനിതാ മുഖ്യമന്ത്രി രേഖാ ​ഗുപ്ത ?

ഡൽഹിയിലെ പുതിയ സർക്കാർ രൂപീകരണത്തിന് ബിജെപി ചടുല ചുവടുകളോടെ നീങ്ങുമ്പോൾ ആദ്യമേ ഉയർന്നു വന്നൊരു പേരാണ് രേഖ ഗുപ്ത. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശരിക്കും പരി​ഗണിക്കാവുന്ന ഒരു ശക്തയായ മത്സരാർഥിയായി രേഖാ ​ഗുപ്ത ആദ്യമേ ലിസ്റ്റിൽ ഇടംപിടിച്ചിരുന്നു. പ്രത്യേകിച്ച് വനിതാ സ്ഥാനാർഥി കൂടിയായതിനാൽ രേഖാ ​ഗുപ്ത മുഖ്യമന്ത്രി സാധ്യതാ പട്ടികയിൽ ഒന്നുകൂടി മുന്നേറി. പാർട്ടിക്കുള്ളിലെ വിവിധ വിഭാഗങ്ങളുടെ പിന്തുണ രേഖയെ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക് തുണച്ചു. എന്തിനേറെ ഡൽഹിയുടെ രാഷ്ട്രീയ പ്രഹേളികയിൽ ബിജെപിക്ക് ഒരു ഗെയിം-ചേഞ്ചറായി രേഖയുടെ നേതൃപാടവം കണക്കാക്കപ്പെടുന്നു. ചുരുക്കി പറഞ്ഞാൽ ബിജെപിയുടെ വനിതാ മുഖം.

  1. രാഷ്ട്രീയ തുടക്കം

രേഖ ഗുപ്ത ഡൽഹിയിലെ ഭാരതീയ ജനതാ പാർട്ടിയുടെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവാണ്. 1992 ൽ ഡൽഹി സർവകലാശാലയിലെ ദൗലത്ത് റാം കോളേജിൽ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എബിവിപി) വഴി തന്റെ രാഷ്ട്രീയ യാത്ര ആരംഭിച്ചു. വളരെ ചുരുങ്ങിയകാലം കൊണ്ട് തന്നെ രേഖ വിദ്യാർഥി രാഷ്ട്രീയത്തിൽ തന്നെ രേഖപ്പെടുത്തുകയായിരുന്നു. വിദ്യാർഥികളുടെ വിഷയം ഏറ്റെടുത്തുകൊണ്ട് അതിന്റെ പ്രശ്നപരിഹാരങ്ങൾക്കായി നിരന്തരം പോരാടുകയും, വിദ്യാർഥികളെ നയിക്കുന്ന നല്ലൊരു നേതാവായി മാറാനും രേഖയ്ക്ക് സാധിച്ചു. 1996–1997 കാലയളവിൽ രേഖാ ​ഗുപ്ത ഡൽഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന്റെ പ്രസിഡന്റായി ചുമതലയേറ്റു.

ഡൽഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന്റെ മുൻ ജനറൽ സെക്രട്ടറിയുമായിരുന്നു രേഖാ ​ഗുപ്ത. അങ്ങനെ ഡൽഹി സർവകലാശാലയിൽ അറിയപ്പെടുന്ന വ്യക്തിയായി, രാഷ്ട്രീയനേതാവായി. കാലക്രമേണ, പ്രാദേശിക രാഷ്ട്രീയത്തിലെ മികവുറ്റ പ്രവർത്തനത്തിന് രേഖ ​ഗുപ്ത കൈയ്യടി നേടി. 2007-ൽ ഉത്തരി പിതംപുരയിൽ നിന്ന് ഡൽഹി കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. 2012-ൽ നോർത്ത് പിതംപുരയിൽ നിന്ന് വീണ്ടും കൗൺസിലറായി രേഖയെ തിരഞ്ഞെടുത്തു. പാർട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗവുമായും, പാർട്ടിയുടെ ഡൽഹി യൂണിറ്റിന്റെ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചതും ഉൾപ്പെടെ നിരവധി റോളുകൾ രേഖ ഗുപ്ത കൈകാര്യം ചെയ്തിട്ടുണ്ട് .

  1. സാമൂഹ്യ പ്രവർത്തനങ്ങൾ

ശക്തമായ ജനകീയ പിന്തുണയുള്ള, അർപ്പണബോധമുള്ള നേതാവെന്ന നിലയിൽ രേഖാ ​ഗുപ്ത പ്രശസ്തി ആർജ്ജിച്ചിട്ടുണ്ട്. തന്റെ മണ്ഡലത്തിലെ ന​ഗരവികസനം, സ്ത്രീ ശാക്തീകരണം, വിദ്യാഭ്യാസ പരിഷ്കരണങ്ങൾ എന്നിവയിൽ നിർണായക പ്രവർത്തനങ്ങൾ രേഖാ​ഗുപ്ത നടത്തിയിട്ടുണ്ട്. ഇത് രേഖയുടെ ജനപ്രീതിക്ക് കാരണമായി.

  1. വിദ്യാഭ്യാസം, ജീവിതം

1974 ജൂലൈ 19 ന് ഹരിയാനയിലെ ജുലാനയിലാണ് രേഖാ ​ഗുപ്ത ജനിച്ചത്. 50 വയസ്സുള്ള രേഖാ ​ഗുപ്ത ബിരുദധാരിയാണ്. ആകെ ആസ്തി 5.3 കോടി രൂപയും ബാധ്യതകൾ 1.2 കോടി രൂപയുടേതുമാണ്.

  1. ഡൽഹിയുടെ വനിതാ മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണം

ഡൽഹിയിലെ ഓരോ പൗരന്റെയും ക്ഷേമത്തിനായി പ്രവർത്തിക്കുമെന്നാണ് രേഖ ഗുപ്ത ആദ്യം പ്രതികരിച്ചത്. സമഗ്ര വികസനത്തിനായി സത്യസന്ധമായി പ്രവർത്തിക്കും. ഡൽഹിയെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ താൻ പ്രതിജ്ഞാബദ്ധയാണെന്നും തന്നിൽ വിശ്വാസമർപ്പിച്ച നേതൃത്വത്തിന് നന്ദിയെന്നും രേഖ ഗുപ്ത പറഞ്ഞു.

content highlights : who is delhi's new CM rekha guptha

dot image
To advertise here,contact us
dot image