പ്രമുഖ മാവോയിസ്റ്റ് നേതാവ് സന്തോഷ് അറസ്റ്റില്‍

കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത ഏകദേശം 45 ഓളം യുഎപിഎ കേസുകളില്‍ പ്രതിയാണ് സന്തോഷ്

dot image

ചെന്നൈ: പ്രമുഖ മാവോയിസ്റ്റ് നേതാവ് സന്തോഷ് അറസ്റ്റില്‍. ഇന്ന് പുലര്‍ച്ചെയാണ് ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് (എടിഎസ്) തമിഴ്‌നാട്ടിലെ ഹൊസൂരില്‍ നിന്ന് പിഎല്‍ജിഎ കേഡറായ സന്തോഷ് അഥവാ രാജയെ അറസ്റ്റ് ചെയ്തത്. എടിഎസ് എസ് പി സുനില്‍ എംഎല്‍ ആണ് അറസ്റ്റ് വിവരം അറിയിച്ചത്.

തമിഴ്‌നാട് ക്യൂബ്രാഞ്ചിന്റെ സഹായത്തോടെയും നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെയുമാണ് കേരള ആന്റി ടെററിസ്റ്റ് സ്‌ക്വാഡിന് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. 2013 മുതല്‍ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടായിരുന്ന കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളുടെ ട്രൈജംഗ്ഷന്‍ മേഖലയിലെ മാവോയിസ്റ്റ് പിഎല്‍ജിഎ പ്രവര്‍ത്തനങ്ങളില്‍ സന്തോഷ് ഒരു പ്രധാന കണ്ണിയായിരുന്നു.

2013 മുതല്‍ ഈ പ്രദേശത്ത് നടന്ന സായുധ വിപ്ലവ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. നാടുകാണി, കബനി സ്‌ക്വാഡുകളില്‍ പ്രവര്‍ത്തിച്ച സന്തോഷ് കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത ഏകദേശം 45 ഓളം യുഎപിഎ കേസുകളില്‍ പ്രതിയാണെന്ന് സംസ്ഥാന പൊലീസ് മീഡിയ സെന്റര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

2024 ജൂലൈയില്‍ സന്തോഷ് സഹ മാവോയിസ്റ്റ് പ്രവര്‍ത്തകരായ സി പി മൊയ്തീന്‍, പി കെ സോമന്‍, മനോജ് പി എം എന്നിവരോടൊപ്പം കേരള വനപ്രദേശത്തെ പൊലീസ് നിരീക്ഷണത്തില്‍ നിന്ന് രക്ഷപ്പെട്ടു. തുടര്‍ന്നുള്ള നിരന്തരമായ ശ്രമങ്ങളുടെ ഫലമായി എടിഎസ് സേനക്ക് സി പി മൊയ്തീന്‍, പി കെ സോമന്‍, മനോജ് പി എം എന്നിവരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നു എങ്കിലും സന്തോഷ് കേരളത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.

2013 മുതല്‍ കഴിഞ്ഞ 12 വര്‍ഷമായി കേരള പൊലീസ്, കേരള എടിഎസ്, കേരള എസ്ഒജി, തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ മറ്റ് സംസ്ഥാന ഏജന്‍സികള്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി കേരളത്തില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന എല്ലാ പിഎല്‍ജിഎ മാവോയിസ്റ്റ് പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യുന്നതിനോ കീഴടക്കുന്നതിനോ സാധിച്ചിട്ടുള്ളതാണെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

Content Highlights: Maoist Santhosh arrested

dot image
To advertise here,contact us
dot image