
അമൃത്‌സര്‍: പഞ്ചാബിലെ ആം ആദ്മി വകുപ്പ് മന്ത്രി കുല്‍ദീപ് സിംഗ് ധലിവാള്‍ 20 മാസത്തോളം ഭരിച്ചത് ഇല്ലാത്ത വകുപ്പെന്ന് റിപ്പോര്‍ട്ട്. കുല്‍ദീപ് സിംഗിന് രണ്ട് വകുപ്പുകളുടെ ചുമതലയാണുണ്ടായിരുന്നത്. ഇതില്‍ ഒന്ന് ഇല്ലാത്ത വകുപ്പാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഇക്കാര്യം അറിയാന്‍ മുഖ്യമന്ത്രി ഭഗവന്ത് മന്‍ 20 മാസമെടുത്തെന്നും അറിഞ്ഞയുടന്‍ ഗസറ്റ് വിജ്ഞാപനത്തിലൂടെ ഭേദഗതി വരുത്തുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പ്രവാസികാര്യ വകുപ്പിന്റെയും ഭരണപരിഷ്‌കരണ വകുപ്പിന്റെയും ചുമതലയായിരുന്നു മന്ത്രി കുല്‍ദീപ് സിംഗിനുണ്ടായിരുന്നത്. ഇതില്‍ കുല്‍ദീപ് സിംഗിന് അനുവദിച്ച ഭരണപരിഷ്‌കരണ വകുപ്പ് നിലവിലില്ലെന്ന് പഞ്ചാബ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യം കൃഷി, കര്‍ഷക ക്ഷേമ വകുപ്പായിരുന്നു കുല്‍ദീപ് സിങ് വഹിച്ചത്. എന്നാല്‍ 2023ലെ മന്ത്രിസഭാ പുനഃസംഘടനയില്‍ ആ ചുമതലയില്‍ നിന്നും ഒഴിവായി. ഈ സമയത്താണ് പ്രവാസികാര്യ വകുപ്പ് നിലനിര്‍ത്തികൊണ്ട് തന്നെ ഇല്ലാത്ത ഭരണപരിഷ്‌കരണ വകുപ്പിന്റെ ചുമതലയും നല്‍കിയത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നടന്ന മന്ത്രിസഭാ പുനസംഘടനയിലും ഈ രണ്ടു വകുപ്പും കുല്‍ദീപ് നിലനിര്‍ത്തി. എന്നാല്‍ ഇപ്പോഴാണ് ഭരണപരിഷ്‌കരണ വകുപ്പ് ഇല്ലെന്ന വിവരം പുറത്തറിയുന്നത്. അതേസമയം സംഭവത്തില്‍ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്.
Content Highlights: Punjab AAP minister Kuldeep Sing headed non existing department for 20 years