
ഹൈദരാബാദ്: തെലങ്കാനയിലെ ശ്രീ ശൈലം ഡാമിന് സമീപത്ത് ടണൽ തകർന്നുളള അപകടത്തിൽ ഇന്നും രക്ഷാദൗത്യം തുടരും. സൈന്യം രക്ഷാദൗത്യത്തിൻ്റെ ചുമതല ഏറ്റെടുത്തിട്ടുണ്ട്. അപകടത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ ഫോണിൽ വിളിച്ച് സംസാരിച്ചു. നിലവിലെ സാഹചര്യം ചോദിച്ച് അറിഞ്ഞ മോദി തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിനായി കേന്ദ്രത്തിന്റെ എല്ലാ സഹായവും ഉണ്ടാകുമെന്ന് വാഗ്ദാനം ചെയ്തു.
ടണലിനകത്ത് ഇനിയും എട്ടു പേർ കുടുങ്ങികിടക്കുന്നതായാണ് റിപ്പോർട്ട്. ഉത്തർപ്രദേശ് സ്വദേശികളായ പ്രോജക്ട് എഞ്ചിനീയർ മനോജ് കുമാർ, ഫീൽഡ് എഞ്ചിനീയർ ശ്രീ നിവാസ്, ജാർഖണ്ഡ് സ്വദേശികളായ സന്ദീപ് സാഹു, ജഗ്ത സെസ്, സന്തോഷ് സാഹു, അനുജ് സാഹു, ജമ്മു കശ്മീർ സ്വദേശിയായ സണ്ണി സിംഗ്, പഞ്ചാബ് സ്വദേശിയായ ഗുർപ്രീത് സിംഗുമാണ് ടണലിനകത്ത് കുടുങ്ങി കിടക്കുന്നത് എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
തുരങ്കത്തിനകത്ത് കുടുങ്ങിക്കിടക്കുന്നവരുമായി ആശയവിനിമയം നടത്താൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല. തകർച്ചയുടെ കൃത്യമായ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ജയപ്രകാശ് അസോസിയേറ്റ്സ് ലിമിറ്റഡും റോബിൻസ് ഇന്ത്യ ലിമിറ്റഡും ചേർന്നാണ് ടണലിനകത്ത് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് അധികൃതർ പറഞ്ഞു.
'കുടുങ്ങികിടന്നവരിൽ എട്ടു പേരാണ് ഉളളത്. അവരെ സുരക്ഷിതമായി കൊണ്ടുവരാൻ രക്ഷാദൗത്യം ആരംഭിച്ചിട്ടുണ്ട്. തുരങ്കത്തിന്റെ പത്ത് മീറ്ററോളമാണ് തകർന്നത്, 200 മീറ്ററോളം ചെളി നിറഞ്ഞിരിക്കുകയാണ്', മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. മണ്ണിടിഞ്ഞപ്പോൾ 51തൊഴിലാളികൾ തുരങ്കത്തിലുണ്ടായിരുന്നുവെന്ന് നാഗർകുർണൂൽ പൊലീസ് സൂപ്രണ്ട് വൈഭവ് ഗെയ്‌ക്‌വാദ് പറഞ്ഞു. അവരിൽ 43 പേർ സുരക്ഷിതരായി പുറത്തിറങ്ങി. 14 കിലോമീറ്റർ ചുറ്റളവിൽ തുരങ്കത്തിനുള്ളിലെ മേൽക്കൂര മൂന്ന് മീറ്ററോളം താഴ്ന്നുവെന്നും വൈഭവ് ഗെയ്‌ക്‌വാദ് വ്യക്തമാക്കി.
ശ്രീശൈലം ഡാമിന്റെ പിന്നിലായുള്ള ടണലിന്റെ ഒരു ഭാഗമാണ് ഇന്നലെ തകര്‍ന്നത്. നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ അംറാബാദില്‍ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാലിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന ഭാഗത്താണ് തുരങ്കം സ്ഥിതി ചെയ്യുന്നത്. അറ്റകുറ്റപണികള്‍ക്കായാണ് തൊഴിലാളികള്‍ ടണലില്‍ ഇറങ്ങിയത്. തൊഴിലാളികൾ പാറപൊട്ടിച്ചുകൊണ്ടിരിക്കെയാണ് മണ്ണ് ഇടിയുകയായിരുന്നു.
കൃഷ്ണ നദിയിലെ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനായി നിര്‍മിച്ച ശ്രീശൈലം അണക്കെട്ടില്‍ നിന്നും 50.75 കിലോമീറ്റര്‍ നീളമുള്ള തുരങ്കങ്ങള്‍ നിര്‍മിച്ച് ഫ്ലൂറൈഡ് ബാധിത മേഖലകളായ നാഗര്‍ കര്‍ണൂല്‍,നഗല്‍കോണ്ട ജില്ലകളിലേക്കു വെള്ളമെത്തിക്കുന്ന വമ്പന്‍ പ്രോജകടാണിത്. 2006 ല്‍ ബോറിങ് തുടങ്ങിയെങ്കിലും പാറകളുടെ ഉറപ്പും അപകടങ്ങളും കാരണം ഇതുവരെ 14 മീറ്റര്‍ ദൂരം മാത്രമേ തുരങ്കം നിര്‍മിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ.
Content Highlights: Eight Workers Feared Trapped As Tunnel Collapses In Telangana