
തിരുവനന്തപുരം: മോദി സര്‍ക്കാരിനെ ഫാസിസ്റ്റ് സര്‍ക്കാരെന്ന് വിശേഷിപ്പിക്കാനാവില്ലെന്ന് സിപിഐഎം. 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി സിപിഐഎം പുറത്തിറക്കിയ കരട് രാഷ്ട്രീയ പ്രമേയത്തിന് വിശദീകരണമെന്ന നിലയിൽ അയച്ച രേഖയിലാണ് പരാമർശം. നവ ഫാസിസ്റ്റ് പ്രവണതകള്‍ ഉണ്ടെങ്കിലും ഇന്ത്യൻ ഭരണകൂടത്തെ നവഫാസിസ്റ്റായി ചിത്രീകരിക്കാനാവില്ലെന്നുമാണ് സംസ്ഥാന ഘടകങ്ങള്‍ക്ക് അയച്ച രേഖയില്‍ വിശദീകരിക്കുന്നത്.
മുസോളിനിയുടെയും ഹിറ്റ്‌ലറുടെയും കാലത്തേത് 'ക്ലാസിക്കല്‍ ഫാസിസ'മെന്നും പിന്നീടുള്ള രൂപങ്ങളെ 'നവഫാസിസ'മെന്നും വിശേഷിപ്പിച്ചാണ് പുതിയ നിര്‍വചനം. മോദി സര്‍ക്കാരിനെ ഫാസിസ്റ്റ് എന്ന് പറയാനാകില്ല. ഇന്ത്യന്‍ ഭരണകൂടത്തെ നവഫാസിസ്റ്റായും ചിത്രീകരിക്കാനാവില്ല.
പത്തുവര്‍ഷത്തെ തുടര്‍ച്ചയായുള്ള മോദി ഭരണത്തില്‍ രാഷ്ട്രീയാധികാരം ബിജെപി-ആര്‍എസ്എസ് കരങ്ങളില്‍ കേന്ദ്രീകരിക്കപ്പെട്ടു. ആര്‍എസ്എസ്-ബിജെപി കൂട്ടുകെട്ടിനെ തടഞ്ഞില്ലെങ്കില്‍ ഹിന്ദുത്വ-കോര്‍പ്പറേറ്റ് സ്വേച്ഛാധിപത്യം നവഫാസിസത്തിലേക്കുപോകും.
'നവഫാസിസ്റ്റ് സ്വഭാവം' എന്നതിനര്‍ഥം അതൊരു നവഫാസിസ്റ്റ് സര്‍ക്കാരായോ രാഷ്ട്രീയസംവിധാനമായോ വികസിച്ചു എന്നല്ലെന്നും പുതിയ നിലപാട് ചൂണ്ടിക്കാണിക്കുന്നു. മോദി ഭരണകൂടവുമായി ബന്ധപ്പെട്ട സിപിഐയുടെയും സിപിഐ(എംഎൽ)ൻ്റെയും നിലപാടിന് വിരുദ്ധമാണ് സിപിഐഎം സ്വീകരിച്ചിരിക്കുന്ന സമീപനം എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
Content Highlights: Modi Govt not fascist CPIM Document