മായാവതിക്കെതിരെ പൊടുന്നനെ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം; പിന്നിലെന്ത്?

ബിഎസ്പിയെ ഇന്ത്യ സഖ്യത്തിന്റെ ഭാഗമാക്കാന്‍ കോണ്‍ഗ്രസ് നടത്തിയ എല്ലാ ശ്രമങ്ങളെയും മായാവതി തള്ളിക്കളയുകയായിരുന്നു.

dot image

ലഖ്‌നൗ: ബിഎസ്പി അദ്ധ്യക്ഷ മായാവതിക്കെതിരെ തുടര്‍ച്ചയായ വിമര്‍ശനമാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി നടത്തുന്നത്. ബിജെപിക്കെതിരെ വിമര്‍ശനം നിരന്തരം വിമര്‍ശനം ഉന്നയിച്ചിരുന്ന രാഹുല്‍ ഈ അടുത്ത ദിവസങ്ങളിലാണ് മായാവതിക്കെതിരെയുള്ള വിമര്‍ശനം ശക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിഎസ്പിയെ ഇന്‍ഡ്യ സഖ്യത്തിന്റെ ഭാഗമാക്കാന്‍ ആഞ്ഞു ശ്രമിച്ച രാഹുല്‍ ഗാന്ധിയാണ് ഇപ്പോള്‍ മായാവതിക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്ന് ശ്രദ്ധേയമാണ്.

സംഘടനാപരമായി, പ്രത്യേകിച്ച് ശക്തി കേന്ദ്രമായിരുന്ന നേരത്ത തന്നെ ശോഷിച്ച ബിഎസ്പിക്കെതിരെയുള്ള കോണ്‍ഗ്രസ് ആക്രമണം ആലോചിച്ചുറപ്പിച്ചതാണെന്നാണ് വിവരം. ബിഎസ്പിക്കെതിരെയുള്ള വിമര്‍ശനം ആദ്യം തുടങ്ങി വെച്ചത് ബിഎസ്പിയില്‍ നിന്ന് കോണ്‍ഗ്രസിലേക്കെത്തിയ ഉദിത് രാജാണ്. ഉദിതില്‍ നിന്നാണ് രാഹുല്‍ ഗാന്ധി വിമര്‍ശനം ഏറ്റെടുത്തത്.

ദളിത് പിന്നാക്ക വിഭാഗങ്ങളെ കൂടുതലായി പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയ 'ജയ് ഭീം ജയ് സംവിധാന്‍' റാലികളിലാണ് രാഹുല്‍ തന്റെ വിമര്‍ശനം നടത്തിയതെന്ന് ശ്രദ്ധേയമാണ്. രണ്ട് വര്‍ഷം കഴിഞ്ഞ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ മായാവതിയെ എക്കാലവും പിന്തുണച്ചിരുന്ന ദളിത് വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴ്ത്തി എസ്പി-കോണ്‍ഗ്രസ് സഖ്യത്തിലേക്കെത്തിക്കുക എന്ന ലക്ഷ്യമിട്ടാണ് രാഹുലിന്റെ വിമര്‍ശനം എന്നാണ് വിലയിരുത്തപ്പെടുന്നത്.

ബിഎസ്പിയെ ഇന്ത്യ സഖ്യത്തിന്റെ ഭാഗമാക്കാന്‍ കോണ്‍ഗ്രസ് നടത്തിയ എല്ലാ ശ്രമങ്ങളെയും മായാവതി തള്ളിക്കളയുകയായിരുന്നു. ഇതിന്റെ ഭാഗമായി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എസ്പി-കോണ്‍ഗ്രസ് സഖ്യത്തിന് 16 സീറ്റുകള്‍ നഷ്ടമായിരുന്നു. ബിജെപിക്ക് 33 സീറ്റുകള്‍ മാത്രം നേടാന്‍ കഴിഞ്ഞപ്പോള്‍ എസ്പി-കോണ്‍ഗ്രസ് സഖ്യത്തിന് 43 സീറ്റുകള്‍ നേടിയിരുന്നു. ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കഴിയാതിരുന്ന ബിഎസ്പിക്ക് 9.5% വോട്ടാണ് ലഭിച്ചത്.

മായാവതി തിരഞ്ഞെടുപ്പില്‍ പോരാടുന്നത് സത്യസന്ധതയില്ലാതെയാണെന്നാണ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചത്. ദളിതുകള്‍ക്കിടയില്‍ മായാവതിക്ക് ഉണ്ടായിരുന്ന ആകര്‍ഷണീയത നഷ്ടപ്പെട്ടു. അതാണ് അവരുടെ പാര്‍ട്ടിയുടെ വോട്ട് ശതമാനം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കുറഞ്ഞത്. വലിയൊരു വിഭാഗം ദളിതുകള്‍ തങ്ങള്‍ക്ക് വോട്ട് ചെയ്യുമെന്ന് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡെക്കാന്‍ ഹെറാള്‍ഡിനോട് പറഞ്ഞു. അതേ സമയം മായാവതിക്കെതിരായ തുടര്‍ച്ചയായ വിമര്‍ശനം സഹതാപ തരംഗമായി മാറി ദളിത് വിഭാഗങ്ങള്‍ ബിഎസ്പിക്ക് വോട്ട് ചെയ്യുവാന്‍ കാരണമാവാം എന്ന് അഭിപ്രായമുള്ളവരും ഉണ്ട്.

Content Highlights: Rahul Gandhi's criticism of Mayawati fits Congress' plan

dot image
To advertise here,contact us
dot image