
ലഖ്നോ: ഉത്തർപ്രദേശിൽ പത്ത് വയസുകാരനായ വിദ്യാർത്ഥിയെ മർദിക്കുകയും കാലിന് പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ. ക്ലാസിൽ ചോദ്യം ചോദിക്കുന്നതിനിടെ കുട്ടി ഉത്തരം പറയാതിരുന്നതാണ് അധ്യാപകനെ പ്രകോപിപ്പിച്ചത്. സംഭവത്തിൽ ഉത്തർപ്രദേശിലെ സ്വകാര്യ സ്കൂൾ അധ്യാപകനായ ഹർഷിത് തിവാരിയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വിദ്യാർത്ഥിയെ മർദിക്കുന്നതിന് മുമ്പ് കുട്ടിയ്ക്കെതിരെ ജാതീയ അധിക്ഷേപങ്ങൾ നടത്തിയതായാണ് റിപ്പോർട്ട്. ഉത്തരം പറയാതായതോടെ കുട്ടിയെ അധ്യാപകൻ ക്രൂരമായി മർദിക്കുകയായിരുന്നു. ഇതിന് പിന്നാലെ പ്രതി കുട്ടിയുടെ ദേഹത്ത് കയറിയിരുന്നു. നിയന്ത്രണം തെറ്റിയ കുട്ടി നിലത്ത് വീഴുകയും കാലിന് പരിക്കേൽക്കുകയുമായിരുന്നു.
വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. ഉടനെ കുട്ടിയെ മാതാപിതാക്കൾ ചേർന്ന് പ്രദേശത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പരിശോധനയിൽ കുട്ടിയുടെ കാൽ ഒടിഞ്ഞതായി അധികൃതർ കണ്ടെത്തി. കുട്ടിയുടെ കേൾവിശക്തിക്ക് തകരാർ സംഭവിച്ചതായും റിപ്പോർട്ടുണ്ട്. സംഭവത്തിന് പിന്നാലെ കുട്ടിയുടെ അമ്മ അധ്യാപകനെ കാണാൻ പോയെങ്കിലും ചികിത്സയ്ക്കായി ഇരുനൂറ് രൂ നൽകി മടക്കി അയക്കുകയായിരുന്നു. ഇതോടെ അമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു.
Content Highlight: UP teacher thrashes student, breaks leg; gives Rs 200 to mother for treatment