അസാധാരണ മുടികൊഴിച്ചിൽ; വില്ലൻ റേഷൻ കടയിലെ, ഇറക്കുമതി ചെയ്ത ​ഗോതമ്പെന്ന് റിപ്പോർട്ട്

പ്രാരംഭ ഘട്ടത്തിലെ ലക്ഷണങ്ങൾ കണ്ട് ദിവസങ്ങൾക്കുള്ളിലാണ് മുടി പൂർണമായും കൊഴിഞ്ഞുപോയത്

dot image

മുംബൈ: മഹാരാഷ്ട്രയിലെ ബുൽധാനയിൽ പ്രദേശവാസികളുടെ അസാധാരണ മുടികൊഴിച്ചിലിന് കാരണം ​റേഷൻ കടകളിലൂടെ വിതരണം ചെയ്ത ​ഗോതമ്പ് എന്ന് ആരോ​ഗ്യ വിദ​ഗ്ധൻ. റേഷൻ കടകൾ വഴി വിതരണം ചെയ്ത ​ഗോതമ്പിൽ ഉയർന്ന അളവിൽ സെലീനിയം കണ്ടെത്തിയിട്ടുണ്ട്. ഇതാണ് അസാധാരണ മുടികൊഴിച്ചിലിന് കാരണമായതെന്നാണ് റിപ്പോർട്ട്.

റായ്ഗഡിലെ ബവാസ്കർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ എംഡി ഡോ. ഹിമ്മത് റാവു ബവാസ്കർ ആണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. 2024 ഡിസംബർ മുതൽ 2025 ജനുവരി വരെ ബുല്‍ധാനയിലെ 18 ഗ്രാമങ്ങളിൽ നിന്നുള്ള 279 പേരുടെ മുടിയാണ് അസാധാരണമായി കൊഴിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ​പ്രശ്നം ​ഗോതമ്പാണെന്ന് കണ്ടെത്തിയത്.

പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഗോതമ്പിൽ ഉയർന്ന അളവിൽ സെലീനിയം കണ്ടെത്തിയിട്ടുണ്ട്. പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന ഗോതമ്പിനുള്ളിൽ ഉള്ളതിനേക്കാൾ 600 മടങ്ങ് കൂടുതലാണ് ഇറക്കുമതി ചെയ്ത ഗോതമ്പിലെ സെലീനിയത്തിലെ അളവ്. പ്രാദേശിക റേഷൻ കടകൾ വഴി വിതരണം ചെയ്ത ഈ ഗോതമ്പിന്റെ ഉപയോ​ഗമാകാം മുടികൊഴിച്ചിലിന് കാരണമായത്. പ്രാരംഭ ഘട്ടത്തിലെ ലക്ഷണങ്ങൾ കണ്ട് ദിവസങ്ങൾക്കുള്ളിലാണ് മുടി പൂർണമായും കൊഴിഞ്ഞുപോയത്.

പഠനത്തിനായി പ്രദേശവാസികളിൽ നിന്നും ശേഖരിച്ച രക്തം, മൂത്രം, മുടി എന്നിവയിൽ സെലീനിയത്തിന്റെ അളവ് അനുവദിനീയമായതിനേക്കൾ ഉയർന്നതായി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുടികൊഴിച്ചിലിന് കാരണമായത് ​ഗോതമ്പായിരിക്കാം എന്ന നി​ഗമനത്തിലെത്തിയത്.

Content Highlight: Heavy hair loss in buldhana due to wheat flour provided via ration shops; says report

dot image
To advertise here,contact us
dot image