'അസമിലെ ജനങ്ങളായിരിക്കും തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മുഖം'; ഗൗരവ് ഗൊഗോയ്

ഗൗരവിനെ സംസ്ഥാന രാഷ്ട്രീയത്തില്‍ കൊണ്ടുവന്ന് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തണമെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്.

dot image

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന അസം നിയമസഭ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിപ്പിടിക്കേണ്ടെന്ന തീരുമാനത്തില്‍ കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വ്യാഴാഴ്ച മുതിര്‍ന്ന നേതാക്കളുടെ യോഗം ചേര്‍ന്നു.

അസമിലെ ജനങ്ങളായിരിക്കും തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മുഖമെന്ന് സംസ്ഥാനത്ത് നിന്നുള്ള മുതിര്‍ന്ന നേതാവും കോണ്‍ഗ്രസ് ലോക്‌സഭാ ഉപനേതാവുമായ ഗൗരവ് ഗൊഗോയ് പറഞ്ഞു. എന്‍ഡിടിവിയോടായിരുന്നു ഗൗരവ് പ്രതികരിച്ചത്.

അസമിലെ ജനങ്ങള്‍ക്ക് മാറ്റം വേണം. അസമിലെ ജനങ്ങളായിരിക്കും മുഖം. ജനങ്ങള്‍ കോണ്‍ഗ്രസിനോടൊപ്പമാണ്. കാരണം അവര്‍ക്ക് ശാന്തിയും സമാധാനവും തിരികെ വരണം. അസം ഇപ്പോള്‍ കാട്ടുനീതിയുള്ള സംസ്ഥാനമായി മാറിയെന്നും ഗൗരവ് പറഞ്ഞു.

'കോണ്‍ഗ്രസിനകത്ത് വിഭാഗീയത ഉണ്ടെന്ന വാദം കെട്ടിച്ചമച്ചതാണ്. ഞങ്ങള്‍ ഐക്യത്തിലാണ്. കാരണം ഞങ്ങള്‍ക്ക് മാറ്റം ആവശ്യമാണ്.', ഗൗരവ് പറഞ്ഞു. ഗൗരവിന്റെ പിതാവ് തരുണ്‍ ഗൊഗൊയ് ആണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി ആയിരുന്നത്. 2001 മുതല്‍ 2016വരെയാണ് തരുണ്‍ ഗൊഗോയ് മുഖ്യമന്ത്രിയായിരുന്നത്.

ഗൗരവിനെ സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷനാക്കാന്‍ ഹൈക്കമാന്‍ഡ് കാര്യമായി തന്നെ ആലോചിക്കുന്നുണ്ട്. ഗൗരവിനെ സംസ്ഥാന രാഷ്ട്രീയത്തില്‍ കൊണ്ടുവന്ന് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തണമെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്. നിലവിലെ മുഖ്യമന്ത്രിയും ബിജെപി നേതാവ് ഹിമന്ത ബിശ്വ ശര്‍മയെ ശര്‍മയ്ക്കെതിരെ പോരാടാന്‍ ഗൗരവ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായി വരണമെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന നേതാക്കള്‍ കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിരുന്നു.

Content Highlights: The Congress is likely to go without a Chief Ministerial face in next year's assembly election in Assam

dot image
To advertise here,contact us
dot image