
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയ്‌ക്കേറ്റ പരാജയത്തിന് ശേഷം ദേശീയ കണ്‍വീനറും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ പൊതുവേദികളിലെത്തുന്നത് നന്നേ കുറഞ്ഞിരുന്നു. ഫെബ്രുവരി 23ന് അതിഷിയെ ഡല്‍ഹി പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത യോഗത്തിന് എത്തിയപ്പോഴായിരുന്നു കെജ്‌രിവാളിനെ പൊതുവേദിയില്‍ അവസാനമായി കണ്ടത്. അതോടെ ഈ ദിവസങ്ങളില്‍ കെജ്‌രിവാള്‍ എന്ത് ചെയ്യുന്നു എന്ന ചോദ്യം രാഷ്ട്രീയ വൃത്തങ്ങളില്‍ ഉയര്‍ന്നത്. തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പര്‍വേഷ് വര്‍മയോട് കെജ്‌രിവാള്‍ പരാജയപ്പെട്ടിരുന്നു.
പഞ്ചാബില്‍ നിന്ന് രാജ്യസഭയിലെത്താനാണ് കെജ്‌രിവാള്‍ ശ്രമിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഉപതിരഞ്ഞെടുപ്പ് നടക്കുൂന്ന ലുധന വെസ്റ്റ് മണ്ഡലത്തില്‍ ആംആദ്മി പാര്‍ട്ടി രാജ്യസഭാംഗമായ സഞ്ജീവ് അറോറ സ്ഥാനാര്‍ത്ഥിയായതോടെയാണ് അഭ്യൂഹങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ ഇക്കാര്യം ആംആദ്മി പാര്‍ട്ടി നിഷേധിച്ചിരുന്നു. അതേ സമയം 21 ആംആദ്മി പാര്‍ട്ടി എംഎല്‍എമാരെ നിയമസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തപ്പോഴും മദ്യ നയത്തെ കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴും കെജ്‌രിവാള്‍ നിശബ്ദത തുടര്‍ന്നിരുന്നു.
എവിടെയാണ് കെജ്‌രിവാള്‍?
വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകളുടെ ഒരുക്കങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് കെജ്‌രിവാള്‍ എന്നാണ് പാര്‍ട്ടി ഉന്നത വൃത്തങ്ങളില്‍ നിന്നുള്ള വിവരം. പ്രത്യേകിച്ച് പഞ്ചാബ് തിരഞ്ഞെടുപ്പ്. മറ്റ് സംസ്ഥാനങ്ങളില്‍ ഇന്‍ഡ്യ മുന്നണി അംഗങ്ങളോടൊപ്പം മത്സരിക്കുക എന്ന ആശയം തല്‍ക്കാലം ആംആദ്മി പാര്‍ട്ടി തല്‍ക്കാലം മരവിപ്പിച്ചിരിക്കുകയാണ്. നവംബറില്‍ നടക്കുന്ന ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി മത്സരിച്ചേക്കില്ല.
ലുധിയാന ഉപതിരഞ്ഞെടുപ്പിലും പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിലുമാണ് കെജ്‌രിവാള്‍ ഇപ്പോള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. പഞ്ചാബിലെ മുതിര്‍ന്ന നേതാക്കളുമായി ദിവസവും കെജ്‌രിവാളിന്റെ വസതിയില്‍ യോഗങ്ങള്‍ നടത്തുന്നുണ്ട്. താഴെ തട്ടിലുള്ള പ്രവര്‍ത്തകരില്‍ നിന്ന് വിവരങ്ങള്‍ തേടുകയും ചെയ്യുന്നുണ്ട്.
പഞ്ചാബിലെ സംഘടനക്കകത്തെ തര്‍ക്കങ്ങള്‍ തീര്‍ക്കാനും കെജ്‌രിവാള്‍ സമയം കണ്ടെത്തുന്നു. മുഖ്യമന്ത്രി ഭഗവന്ത് മന്‍ പഞ്ചാബിലെ പാര്‍ട്ടിയുടെ മുഖമായി തുടരും. അതേ സമയം സംഘടന കാര്യങ്ങള്‍ പൂര്‍ണമായും കെജ്‌രിവാളിന് കീഴിലായിരിക്കും നടക്കുക. സംഘടന രംഗത്ത് നേതൃപദവികളിലും ഉടനെ മാറ്റം വരുത്താനാണ് ആംആദ്മി പാര്‍ട്ടിയുടെ തീരുമാനം. പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടില്ലെങ്കിലും പാര്‍ട്ടിയെ വീണ്ടും തിരഞ്ഞെടുപ്പ് വിജയങ്ങളിലേക്ക് നയിക്കാനുള്ള നീക്കങ്ങളില്‍ കെജ്‌രിവാള്‍ ആലസ്യമില്ലാതെ സജീവമാണ്.
Content Highlights: where is Arvind Kejriwal?