തലയിണ മുഖത്തമർത്തി കൊല്ലാൻ പിതൃസഹോദരന്റ ശ്രമം; ശ്വാസം പിടിച്ചുവെച്ച് മരിച്ചതുപോലെ കിടന്ന് 14കാരൻ

മൊഴിയെടുക്കുന്നതിനിടെയാണ് പിതാവും പിതൃസഹോദരനും കൊലപ്പെടുത്താന്‍ ശ്രമിച്ച കാര്യം പ്രദീപ് പൊലീസിനോട് വെളിപ്പെടുത്തിയത്.

dot image

കൊല്‍ക്കത്ത: പിതാവും പിതൃസഹോദരനും ചേര്‍ന്ന് തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നും എന്നാല്‍ തന്ത്രം പ്രയോഗിച്ച് രക്ഷപ്പെട്ടുവെന്നും പതിനാലുകാരന്റെ വെളിപ്പെടുത്തല്‍. കൊല്‍ക്കത്തയിലെ ഇ എം ബൈപ്പാസില്‍ പിതാവ് കാര്‍ ഇടിച്ചു കയറ്റുകയും തുടര്‍ന്ന് രക്ഷപ്പെടുകയും ചെയ്ത പതിനാലുകാരന്‍ പ്രദീപാണ് വെളിപ്പെടുത്തല്‍ നടത്തിയത്. കുടുംബത്തിന്റെ കൂട്ട ആത്മഹത്യാ ശ്രമവും അത് പരാജയപ്പെട്ടതിന് പിന്നാലെയുണ്ടായ കൂട്ടകൊലപാതകത്തിന്റെ വിവരങ്ങളും കുട്ടി പൊലീസിനോട് വെളിപ്പെടുത്തി. നിലവില്‍ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കുട്ടി.

ഫെബ്രുവരി പത്തൊന്‍പതിനായിരുന്നു സംഭവം നടന്നത്. ഇ എം ബൈപ്പാസിലെ അഭിഷിപ്ത മോറിനടുത്ത് മെട്രോ തൂണിലേക്ക് ഇടിച്ചു കയറിയ നിലയില്‍ കാര്‍ കണ്ടെത്തുകയായിരുന്നു. പ്രദീപിന് പുറമേ പിതാവും വ്യവസായിയുമായ പ്രണയ് ഡേ, സഹോദരന്‍ പ്രസൂണ്‍ ഡേ എന്നിവരായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. സ്ഥലത്തെത്തിയ പൊലീസിനോട് കാര്‍ ഇടിച്ചു കയറ്റിയതാണെന്നും ഭാര്യയും മകളും സഹോദരന്റെ ഭാര്യയും, താമസിക്കുന്ന ഫ്‌ളാറ്റില്‍ ആത്മഹത്യ ചെയ്തതായും പ്രണയ് വെളിപ്പെടുത്തി. തുടര്‍ന്ന് പൊലീസ് ഇവരുടെ ഫ്‌ളാറ്റില്‍ നടത്തിയ പരിശോധനയില്‍ പ്രണയുടെ ഭാര്യ സുദേഷ്ണ ഡേ, പ്രസൂണിന്റെ ഭാര്യ റോമി ഡേ, മകള്‍ പ്രിയംവദ എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രണയ്, പ്രസൂണ്‍, പ്രദീപ് എന്നിവരെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേസില്‍ മൊഴിയെടുക്കുന്നതിനിടെയാണ് പിതാവും പിതൃസഹോദരനും കൊലപ്പെടുത്താന്‍ ശ്രമിച്ച കാര്യം പ്രദീപ് പൊലീസിനോട് വെളിപ്പെടുത്തിയത്.

എല്ലാവരും ചേര്‍ന്ന് ആത്മഹത്യ ചെയ്യാന്‍ പദ്ധതിയിട്ടിരുന്നുവെന്നും എന്നാല്‍ അമ്മ സുദേഷ്ണയും അമ്മായി റോമിയും അവസാന നിമിഷം പിന്മാറിയെന്നും പ്രദീപ് പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് പിതാവും അങ്കിളും ചേര്‍ന്ന് ഇരുവരുടേയും കൈത്തണ്ട മുറിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം അച്ഛന്റെ നിര്‍ദേശപ്രകാരം അങ്കിള്‍ തന്റെ കൊലപ്പെടുത്താനെത്തി. എന്നാല്‍ താന്‍ എതിര്‍ത്തു. ഒടുവില്‍ തലയിണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ അച്ഛന്‍ അങ്കിളിനോട് പറഞ്ഞു. ഇത് താന്‍ കേട്ടു. അങ്കിള്‍ തലയിണ തന്റെ മുഖത്ത് അമര്‍ത്തിയപ്പോള്‍ താന്‍ ശ്വാസം
പിടിച്ചുവെച്ച് മരിച്ചതായി അഭിനയിച്ചു. ദിവസേന അഭ്യസിച്ച യോഗയാണ് തനിക്ക് ഏറെ നേരം ശ്വാസം പിടിച്ചുവെയ്ക്കാന്‍ മുതല്‍ക്കൂട്ടായത്. താന്‍ മരിച്ചെന്നു കരുതി അങ്കിള്‍ തലയിണ മാറ്റി തനിക്ക് ശ്വാസമുണ്ടോ എന്ന് പരിശോധിച്ചു. മരിച്ചെന്നു കരുതിയാണ് അവര്‍ മുറിയില്‍ നിന്ന് പോയതെന്നും പ്രദീപ് പറഞ്ഞു.

ഇതിന് ശേഷം താന്‍ മുറിയിലേക്ക് പോയപ്പോള്‍ പ്രിയംവദയേയും അമ്മയേയും അമ്മായിയേയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മുകളിലത്തെ നിലയില്‍ എത്തിയപ്പോള്‍ അച്ഛനും അങ്കിളും ആത്മഹത്യക്ക് ശ്രമിക്കുന്നതുകണ്ടു. തന്നെയും അവര്‍ ആത്മഹത്യക്ക് നിര്‍ബന്ധിച്ചു. അതിന് ശേഷമാണ് കാറില്‍ കയറിയതെന്നും കുട്ടി പറഞ്ഞു. എന്തിന് ആത്മഹത്യക്ക് ശ്രമിച്ചു എന്ന പൊലീസിന്റെ ചോദ്യത്തിന് തന്റെ പ്രിയപ്പെട്ടവര്‍ മരിച്ചു എന്നും ഇനി എന്താണുള്ളത് എന്നുമായിരുന്നു കുട്ടി തിരിച്ചു ചോദിച്ചത്. കേസില്‍ പൊലീസിന്റെ അന്വേഷണം തുടരുകയാണ്.

Content Highlights- Chilling details emerge in Kolkata triple murder, teen says he ‘played dead’

dot image
To advertise here,contact us
dot image