മൗലികാവകാശങ്ങളുടെ ലംഘനം; കോഴിക്കോട് നിന്നുള്ള ഹജ്ജ് യാത്രാ നിരക്കിലെ വർധനയ്‌ക്കെതിരെ സുപ്രീം കോടതിയിൽ ഹർജി

കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നുള്ള യാത്രക്ക് മാത്രം ഉയര്‍ന്ന ചാര്‍ജ് ചുമത്തുന്നത് വിവേചനപരമെന്ന് ഹര്‍ജിയില്‍

dot image

ന്യൂഡല്‍ഹി: ഹജ്ജ് യാത്രയ്ക്കായുള്ള ഏകപക്ഷീയ നിരക്ക് വര്‍ധനയ്ക്ക് എതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. കോഴിക്കോട് വിമാനത്താവളത്തിലെ ഉയര്‍ന്ന യാത്രാ നിരക്കിനെതിരെയാണ് ഹര്‍ജി. പി വി മുഹമ്മദ് അലിയാണ് ഹര്‍ജി നല്‍കിയത്. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നുള്ള യാത്രക്ക് മാത്രം ഉയര്‍ന്ന ചാര്‍ജ് ചുമത്തുന്നത് വിവേചനപരമെന്ന് ഹര്‍ജിയില്‍ ആരോപിച്ചു. വിമാനയാത്രാ നിരക്ക് ഏകീകരിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.

നിരക്ക് വര്‍ദ്ധന നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും ആവശ്യമുണ്ട്. കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളേക്കാള്‍ 40,000 രൂപ അധിക നിരക്ക് ഈടാക്കുന്നുവെന്നാണ് ആക്ഷേപം. ഹജ്ജ് യാത്രാ നിരക്ക് തീരുമാനിക്കാന്‍ സ്ഥിരം സംവിധാനം വേണം. ഒരേ യാത്രക്ക് രണ്ട് തരം ചാര്‍ജ് ഈടാക്കുന്നത് വിവേചനപരം. മൗലിക അവകാശങ്ങളുടെ ലംഘനമാണെന്നും യാത്രാനിരക്കുകളിലെ വിവേചനം ഒഴിവാക്കാനുള്ള കര്‍ശന നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. അതേസമയം കോഴിക്കോട് നിന്നുള്ള ഹജ്ജ് യാത്രയ്ക്കായുള്ള ഉയര്‍ന്ന വിമാനത്തുകയില്‍ ഇടപെടാനാകില്ലെന്നായിരുന്നു കേന്ദ്ര വ്യോമയാന മന്ത്രാലയം നേരത്തെ നല്‍കിയ വിശദീകരണം.

ഹാരിസ് ബീരാന്‍ എംപിയുടെ കത്തിന് മറുപടിയായാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. ഓരോ വര്‍ഷവും യാത്രയുമായി ബന്ധപ്പെട്ട് ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടെന്‍ഡര്‍ ക്ഷണിക്കാറുണ്ട്. അതില്‍ പങ്കെടുക്കുന്നവര്‍ സമര്‍പ്പിക്കുന്ന ഏറ്റവും കുറവ് ടെന്‍ഡര്‍ ആണ് പരിഗണിക്കുക.

ഇത്തവണത്തെ കരിപ്പൂരിലെ ടെണ്ടറില്‍ ഏറ്റവും കുറവ് വന്ന തുക 128000 ആണെന്നും ഇതില്‍ ഇടപെടാന്‍ ആകില്ലെന്നുമാണ് ഹാരിസ് ബീരാന്‍ എം പിക്ക് നല്‍കിയ മറുപടിയില്‍ വ്യോമയാന മന്ത്രാലയം പറയുന്നത്.

കണ്ണൂരിലെയും കൊച്ചിയിലെയും നിരക്കിനെക്കാള്‍ 40,000 രൂപയുടെ വര്‍ധനവാണ് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ഹജ്ജ് യാത്രക്ക്. ഇതില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള മന്ത്രിമാരും കേന്ദ്രത്തിനു കത്തയച്ചിരുന്നു. കഴിഞ്ഞ തവണയും കരിപ്പൂരില്‍ നിന്ന് ഉയര്‍ന്ന ടിക്കറ്റ് നിരക്കാണ് ആദ്യം ഈടാക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് പിന്നീട് കുറക്കുകയായിരുന്നു.

Content Highlights: Petition in Supreme Court against hike in Haj travel fare from Kozhikode

dot image
To advertise here,contact us
dot image