'അടുത്ത വർഷം യുഡിഎഫ് അധികാരത്തിലെത്തിയാൽ ആശ വർക്കർമാരുടെ വേതനം വർധിപ്പിക്കും': പ്രിയങ്ക ഗാന്ധി

'ആശ വർക്കർമാരുടെ പോരാട്ടം അന്തസ്സിനും ബഹുമാനത്തിനും വേണ്ടിയാണ്'

dot image

ന്യൂഡൽ​ഹി: ആശ വർക്കർമാരുടെ സമരത്തിന് പിന്തുണയുമായി വയനാട് എംപി പ്രിയങ്ക ഗാന്ധി. അടുത്ത വർഷം യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ ആശ വർക്കർമാരുടെ വേതനം വർധിപ്പിക്കുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. അർഹിക്കുന്ന ആദരവും അംഗീകാരവും അവർക്ക് ഉറപ്പാക്കും. കേരള സർക്കാർ അവരെ നിശബ്ദരാക്കാൻ ശ്രമിക്കുന്നുവെന്നും പ്രിയങ്ക വിമർശിച്ചു.

ആശ വർക്കർമാർക്ക് തുച്ഛമായ ഓണറേറിയമായ 7000 രൂപയാണ് ലഭിക്കുന്നതെന്നും പ്രിയങ്ക ​ഗാന്ധി പറഞ്ഞു. കർണാടകയിലു തെലങ്കാനയിലും ലഭിക്കുന്നതിനേക്കാൾ വളരെ കുറവാണിത്. ആശ വർക്കർമാരുടെ പോരാട്ടം അന്തസ്സിനും ബഹുമാനത്തിനും വേണ്ടിയാണെന്നും പ്രിയങ്ക പറഞ്ഞു.

ആശ വർക്കർമാർ പൊതുജനാരോഗ്യ സംവിധാനത്തിൻ്റെ ഏറ്റവും വലിയ ശക്തികളിൽ ഒന്നാണെന്നും പ്രിയങ്ക പറഞ്ഞു. കൊവിഡ് കാലത്ത് മുൻനിരയിൽ നിന്ന് ജീവൻ പണയപ്പെടുത്തി പോരാടി. ആരോഗ്യ സംരക്ഷണം ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ടവരിൽ പോലും എത്തുന്നുവെന്ന് ആശ വർക്കർമാർ ഉറപ്പാക്കിയെന്നും പ്രിയങ്ക ​ഗാന്ധി ചൂണ്ടിക്കാട്ടി.

ഇക്കഴിഞ്ഞ ഫെബ്രുവരി പത്താം തീയതി മുതലാണ് ഒരു കൂട്ടം ആശ വർക്കർമാർ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ആരംഭിച്ചത്. കോൺഗ്രസ് നേതാക്കൾ അടക്കം സമരത്തിന് പിന്തുണയുമായി എത്തി. കഴിഞ്ഞ ദിവസം ജനുവരി മാസത്തെ ഓണറേറിയം കുടിശ്ശിക സർക്കാർ വിതരണം ചെയ്തിരുന്നു. ഇതോടെ മൂന്ന് മാസത്തെ കുടിശ്ശികാ വിതരണം പൂർത്തിയായി. ആവശ്യങ്ങൾ പൂർണമായും അം​ഗീകരിക്കുന്നത് വരെ സമരം തുടരാനാണ് ആശ വർക്കർമാരുടെ തീരുമാനം. മാർച്ച് മൂന്നിന് നിയമസഭ മാർച്ച് സംഘടിപ്പിക്കുമെന്ന് ആശ വർക്കർമാർ അറിയിച്ചിട്ടുണ്ട്.

Content Highlights: udf may elected in next year we increse asha workers salary says by priyanka gandhi

dot image
To advertise here,contact us
dot image