
ഭോപ്പാൽ: മൂന്ന് മാസമായി വാടക നൽകാത്തതിനെ തുടർന്ന് ആം ആദ്മി പാർട്ടിയുടെ ഭോപ്പാൽ ഓഫീസ് പൂട്ടി. എന്നാൽ സത്യസന്ധതയുള്ളതിനാലാണ് ഇതെല്ലാം സംഭവിച്ചത് എന്നായിരുന്നു എഎപിയുടെ ആദ്യ പ്രതികരണം. 'ഞങ്ങളുടെ പാർട്ടിക്ക് ഫണ്ടില്ല. അതിനാൽ വാടക കൊടുക്കാൻ സാധിച്ചില്ല', എഎപിയുടെ മധ്യപ്രദേശ് ജോയിന്റ് സെക്രട്ടറി രമാകാന്ത് പട്ടേൽ പറഞ്ഞു.
പ്രാദേശികമായി ലഭിക്കുന്ന ഫണ്ട് കൊണ്ടാണ് മധ്യപ്രദേശിൽ പാർട്ടി പ്രവർത്തിക്കുന്നത്. എന്നാൽ പ്രാദേശിക പ്രവർത്തകരുടെ ധനസ്ഥിതി വളരെ മോശമാണെന്നും എഎപി അറിയിച്ചു. 'ആം ആദ്മി പാർട്ടിയുടെ എംപി ഓഫീസ് പൂട്ടി, അടുത്തത് കോൺഗ്രസിന്റേതാണ്', സംസ്ഥാന ബിജെപി വക്താവ് നരേന്ദ്ര സലൂജ എക്‌സിൽ കുറിച്ചു. അടുത്തിടെ നടന്ന ഡൽഹി തിരഞ്ഞെടുപ്പിൽ എഎഎപിയെ ബിജെപി പരാജയപ്പെടുത്തിയിരുന്നു. എഎപി കൺവീനർ അരവിന്ദ് കെജ്‌രിവാൾ, മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, സൗരഭ് ഭരദ്വാജ്, മുൻ മന്ത്രിമാരായ സോമനാഥ് ഭാരതി, സത്യേന്ദ്ര ജെയിൻ, പാർട്ടി നേതാക്കളായ അവധ് ഓജ, ദുർഗേഷ് പഥക് എന്നിവർ പരാജയപ്പെട്ടിരുന്നു.
Content Highlights: AAP's office in Bhopal locked over unpaid rent