കുഞ്ഞ് മരിച്ച കേസ്; ഉത്തര്‍പ്രദേശ് സ്വദേശിനി ഷഹ്‌സാദി ഖാന്റെ വധശിക്ഷ നടപ്പിലാക്കി യുഎഇ

ഫെബ്രുവരി പതിനഞ്ചിനാണ് യുഎഇ നിയമപ്രകാരം വധശിക്ഷ നടപ്പിലാക്കിയത്

dot image

ന്യൂഡല്‍ഹി: നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച കേസില്‍ ഉത്തര്‍പ്രദേശ് സ്വദേശിനി ഷഹ്‌സാദി ഖാന്റെ വധശിക്ഷ നടപ്പിലാക്കി യുഎഇ. ഇത് സംബന്ധിച്ച സ്ഥിരീകരണം ലഭിച്ചതായി വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. ഫെബ്രുവരി പതിനഞ്ചിനാണ് യുഎഇ നിയമപ്രകാരം വധശിക്ഷ നടപ്പിലാക്കിയത്. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പ് യുഎഇയിലെ ഇന്ത്യന്‍ എംബസിക്ക് ലഭിച്ചത് ഫെബ്രുവരി 28നാണെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ചേതന്‍ ശര്‍മ കോടതിയെ അറിയിച്ചു.

മാര്‍ച്ച് അഞ്ചിന് മൃതദേഹം സംസ്‌കരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും ചേതന്‍ ശര്‍മ പറഞ്ഞു. മകളുടെ അവസ്ഥ അറിയാന്‍ ഷഹ്‌സാദിന്റെ പിതാവ് കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വധശിക്ഷ നടപ്പിലാക്കിയ വിവരം അറിയിച്ചത്. കുഞ്ഞ് മരിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ ദമ്പതികളായ മാതാപിതാക്കള്‍ നല്‍കിയ കേസിലാണ് വീട്ടുജോലിക്കാരിയായിരുന്ന ഷഹ്‌സാദിക്ക് അബുദാബി കോടതി വധശിക്ഷ വിധിച്ചത്.

ഉത്തര്‍പ്രദേശിലെ ഗൊയ്റ മുഗളി സ്വദേശിനിയായിരുന്നു 33കാരിയായ ഷഹ്സാദി ഖാന്‍. വധശിക്ഷ ഉടന്‍ നടപ്പിലാക്കുമെന്നും ഇത് തന്റെ അവസാന ഫോണ്‍ കോള്‍ ആണെന്നും പറഞ്ഞ് ഷഹ്സാദി വീട്ടിലേയ്ക്ക് വിളിച്ചതോടെയാണ് വിഷയത്തിന്റെ ഗൗരവം പുറംലോകമറിയുന്നത്. അവസാന ആഗ്രഹമെന്ന നിലയിലാണ് വീട്ടിലേയ്ക്ക് വിളിക്കാന്‍ ജയില്‍ അധികൃതര്‍ അനുമതി നല്‍കിയതെന്നും ഷഹ്സാദി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുകയും ഷഹ്‌സാദിയുടെ വധശിക്ഷ താത്ക്കാലികമായി നിര്‍ത്തിവെയ്ക്കുകയും ചെയ്തിരുന്നു.

2021ലായിരുന്നു ഷഹ്സാദി അബുദാബിയില്‍ എത്തിയത്. നാട്ടില്‍ ഉസൈര്‍ എന്നയാളുമായി പരിചയത്തിലായ ഷഹ്‌സാദിയെ അയാള്‍ ബന്ധുക്കള്‍ കൂടിയായ ആഗ്ര സ്വദേശികളായ ഫൈസ്-നസിയ ദമ്പതികള്‍ക്ക് വിറ്റു. അബുദാബിയിലായിരുന്ന ഇവര്‍ ഷഹ്‌സാദിയേയും അവിടേയ്ക്ക് കൊണ്ടുപോയി. തങ്ങളുടെ നാല് മാസം പ്രായമുള്ള കുഞ്ഞിനെ നോക്കാനായിരുന്നു ഷഹ്‌സാദിയെ അവര്‍ അബുദാബിയില്‍ എത്തിച്ചത്. എന്നാല്‍ ഒരു ദിവസം കുട്ടി അപ്രതീക്ഷിതമായി മരണപ്പെട്ടു. കുട്ടി മരിക്കാന്‍ കാരണക്കാരി ഷഹ്‌സാദിയാണെന്ന് ചൂണ്ടിക്കാട്ടി ഫൈസും നസിയയും പരാതി നല്‍കുകയും തുടര്‍ന്ന് ഷഹ്‌സാദിയെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. കൃത്യമായ ചികിത്സ ലഭിക്കാതെയായിരുന്നു കുട്ടി മരിച്ചതെന്നായിരുന്നു ഷഹ്‌സാദിയുടെ വാദം. എന്നാല്‍ ഇത് കോടതി അംഗീകരിച്ചില്ല. കേസില്‍ ഷഹ്ദാസി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ അബുദാബി കോടതി അവര്‍ക്ക് വധശിക്ഷ വിധിച്ചു. കോടതി വിധിക്ക് പിന്നാലെ ഷഹ്‌സാദിയുടെ പിതാവ് ഷബ്ബിര്‍ ഖാന്‍ ജില്ലാ ഭരണകൂടത്തെയും ഉന്നത ഉദ്യോഗസ്ഥരേയും കണ്ട് തന്റെ മകളുടെ ജീവന്‍ രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു.

കുട്ടിക്കാലം മുതല്‍ ദുരിതപൂര്‍ണമായ ജീവിതം നയിച്ച ആളാണ് ഷഹ്സാദി. ചെറിയപ്രായത്തില്‍ അടുക്കളയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ പൊള്ളലേറ്റ് മുഖത്ത് സാരമായ പരിക്കേറ്റു. 2020ലായിരുന്നു ഉസൈറിനെ ഇവര്‍ പരിചയപ്പെടുന്നത്. മുഖത്ത് പൊള്ളലേറ്റുണ്ടായ പാടുകള്‍ ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുമെന്നും ആഗ്രയില്‍ സുഖജീവിതം നയിക്കാമെന്നും ഇയാള്‍ ഷഹ്സാദിയെ പറഞ്ഞ് വിശ്വസിപ്പിച്ചു. അങ്ങനെ ഷഹ്സാദി ആഗ്രയിലെത്തി. എന്നാല്‍ ഇവിടെവെച്ച് ഷഹ്സാദിയെ ഉസൈര്‍ ബന്ധുക്കള്‍ക്ക് കൈമാറുകയായിരുന്നു.

Content Highlights- Woman from up on death row for killing a child executed in uae

dot image
To advertise here,contact us
dot image