
പാറ്റ്‌ന: ബിഹാറില്‍ ബിജെപിക്ക് പുതിയ സംസ്ഥാന അദ്ധ്യക്ഷന്‍. മുതിര്‍ന്ന നേതാവായ ദിലീപ് ജയ്‌സ്വാളാണ് പുതിയ അദ്ധ്യക്ഷന്‍. ചൊവ്വാഴ്ച നടന്ന ബിജെപി സംസ്ഥാന കൗണ്‍സിലിലാണ് പ്രഖ്യാപനം നടന്നത്. കേന്ദ്ര ഊര്‍ജ്ജ മന്ത്രി മനോഹര്‍ ലാല്‍ ഖട്ടറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് പുതിയ അദ്ധ്യക്ഷനെ ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. ഖഗരിയ ജില്ലയില്‍ നിന്നുള്ള നേതാവാണ് ദിലീപ് ജയ്‌സ്വാള്‍. കല്‍വാര്‍ സമുദായത്തില്‍ നിന്നുള്ള നേതാവായ ദിലീപ് ജയ്‌സ്വാള്‍ എംഎസ്‌സി, എംബിഎ, പിഎച്ച്ഡി, എംഎ ഫിലോസഫി ബിരുദങ്ങള്‍ നേടിയിട്ടുണ്ട്.
പൂര്‍ണിയ, അരാരിയ, കിഷന്‍ഗഞ്ച് മണ്ഡലങ്ങളില്‍ നിന്ന് മൂന്ന് തവണ എംഎല്‍സിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 20 വര്‍ഷം ബിജെപി സംസ്ഥാന ട്രഷററായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് അടുപ്പമുള്ള നേതാവായാണ് ദിലീപ് ജയ്‌സ്വാള്‍ അറിയപ്പെടുന്നത്.
നിതിഷ് കുമാര്‍ മന്ത്രിസഭയില്‍ നികുതി, ഭൂമി പരിഷ്‌ക്കരണ വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിക്കവേയാണ് ദിലീപ് ജയ്‌സ്വാളിനെ പുതിയ പദവി തേടിയെത്തിയത്. ബിജെപിയുടെ 'ഒരാള്‍ക്ക് ഒരു പദവി' എന്ന നയത്തിന്റെ ഭാഗമായി മന്ത്രി സ്ഥാനം കഴിഞ്ഞ ദിവസം രാജിവെക്കുകയായിരുന്നു. അതിന് പിന്നാലെയാണ് സംസ്ഥാന അദ്ധ്യക്ഷനായുള്ള ഔദ്യോഗിക പ്രഖ്യാപനം.
Content Highlights: Bihar BJP gets new president