
ലഖ്നോ: ഉത്തർപ്രദേശിൽ നിയമസഭ ഹാളിൽ പാൻ മസാല ചവച്ചുതുപ്പിയ സംഭവത്തിൽ എംഎൽഎയ്ക്കെതിരെ രൂക്ഷവിമർശനവുമായി സ്പീക്കർ. സംഭവത്തിന് പിന്നിൽ ആരാണെന്ന് തനിക്ക് വ്യക്തമായി അറിയാമെന്നും ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നും സ്പീക്കർ സതീഷ് മഹാന പറഞ്ഞു. താൻ നേരിട്ടെത്തിയാണ് ഇത് വൃത്തിയാക്കിയതെന്ന് പറഞ്ഞ സ്പീക്കർ സഭാ പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ടെന്ന താക്കീതും എംഎൽഎമാർക്ക് നൽകി.
രാവിലെ സംഭവത്തെ കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സഭയിൽ അന്വേഷണത്തിനെത്തിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ആരാണെന്ന് കണ്ടെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതുജന മധ്യത്തിൽ അവഹേളനം ഒഴിവാക്കാൻ തെറ്റ് ചെയ്തയാളുടെ പേര് പരസ്യമാക്കുന്നില്ല. എന്നാൽ തെറ്റ് ചെയ്തയാളുടെ ദൃശ്യങ്ങൾ സഹിതം തൻ്റെ കൈവശമുണ്ട്. ആയതിനാൽ തെറ്റ് ചെയ്ത വ്യക്തി നേരിട്ട് തനിക്ക് മുന്നിൽ ഹാജരാകണമെന്നും അല്ലാത്ത പക്ഷം വിളിപ്പിക്കുമെന്നും സ്പീക്കർ വ്യക്തമാക്കി. പാൻ മസാല ചവച്ചുതുപ്പിയ വ്യക്തിയിൽ നിന്ന് തന്നെ സഭയിലെ കാർപറ്റ് മാറ്റാൻ പണം അനുവദിക്കണം എന്നും സ്പീക്കർ കൂട്ടിച്ചേർത്തു.
Content Highlight: MLA spat pan masala in UP Vidhan Sabha, Speaker criticizes