ബുട്ടീക്കിൽ നിന്ന് വിലപി‌ടിപ്പുളള വിവാഹ വസ്ത്രങ്ങളടക്കം 2 കോടിയുടെ കവർച്ച; 2 ആൺകുട്ടികളും യുവതിയും പിടിയിൽ

ഫത്തേപുർ ബേരിയിലുളള ഒരു ഫാം ഹൗസിലാണ് ബുട്ടീക്ക് പ്രവർത്തിച്ചിരുന്നത്

dot image

ന്യൂഡൽഹി: ബുട്ടീക്കിൽ നിന്ന് വിലകൂടിയ വിവാഹ വസ്ത്രങ്ങളടക്കം രണ്ട് കോടിയുടെ കവർച്ച നടത്തിയ കേസിൽ മൂന്ന് പേർ പിടിയിൽ. ഒരു യുവതിയും പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളുമാണ് അറസ്റ്റിലായത്. കവർച്ച നടന്ന ബുട്ടീക്കിലെ സെയിൽസ് അസിസ്റ്റന്റായിരുന്നു കവർച്ച നടത്തിയ ആൺകുട്ടികളിൽ ഒരാൾ. വിവാഹ വസ്ത്രങ്ങൾക്കൊപ്പം ബുട്ടീക്കിലുളള പെയിന്റിങ്ങുകളും ഇവർ മോഷ്ടിച്ചിരുന്നു. ഡൽഹി ഫത്തേപുർ ബേരിയിലാണ് സംഭവം.

ഫത്തേപുർ ബേരിയിലുളള ഒരു ഫാം ഹൗസിലാണ് ബുട്ടീക്ക് പ്രവർത്തിച്ചിരുന്നത്. മാർച്ച് ഒന്നിനാണ് ബുട്ടീക്കിൽ നിന്ന് വസ്ത്രങ്ങളടക്കം മോഷണം പോയത്. ബുട്ടീക്കിന് മുമ്പിൽ എത്തിയ യുവതി താൻ ബുട്ടീക്ക് ഉടമയുടെ ബന്ധുവാണെന്നും ശുചിമുറി ഉപയോ​ഗിക്കാൻ അനുവ​ദിക്കണമെന്നും സുരക്ഷാ ജീവനക്കാരനോട് പറഞ്ഞു. യുവതി സുരക്ഷാ ജീവനക്കാരന്റെ ശ്രദ്ധ തിരിച്ചതോടെ രണ്ട് ആൺകുട്ടികളും ഇയാളെ കീഴ്പ്പെടുത്തുകയും കെട്ടിയിടുകയും ചെയ്തു. ശേഷം മൂന്ന് പേരും ചേർന്ന് വധുക്കൾ ഉപയോ​ഗിക്കുന്ന അമ്പതോളം വിവാഹ വസ്ത്രങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും പെയിന്റുങ്ങുകളും മോഷ്ടിച്ച് സ്ഥലം വിടുകയായിരുന്നു.

തെളിവ് നശിപ്പിക്കുന്നതിനായി ബുട്ടീക്കിലെ സിസിടിവിയുടെ ഡിവിആറും മോഷ്ടാക്കൾ കൊണ്ടുപോയിരുന്നു. സുരക്ഷാ ജീവനക്കാരനാണ് മോഷണ വിവരം ആദ്യം പൊലീസിനെ അറിയിക്കുന്നത്. പൊലീസിന്റെ അന്വേഷണത്തിൽ പ്രതികൾ സഞ്ചരിച്ച ടെമ്പോ കണ്ടെത്തുകയായിരുന്നു. നമ്പർ പ്ലേറ്റ് കറുത്ത ടേപ്പ് ഉപയോ​ഗിച്ച് മറച്ചിരുന്നെങ്കിലും സിസിടിവി ദൃശ്യങ്ങളിൽ ഇതിന്റെ കുറച്ചു ഭാ​ഗം വെളിവായതാണ് പ്രതികളെ പിടികൂടാൻ സഹായിച്ചതെന്ന് പൊലീസ് പറഞ്ഞു.

മം​ഗലപുരിയിലാണ് ടെമ്പോ അവസാനമായി കണ്ടത് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. വാഹനത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞ പൊലീസ് അയാളെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ തന്റെ ബന്ധുവായ ആൺകുട്ടി വാഹനം കൊണ്ടുപോയിരുന്നുവെന്ന് വാഹന ഉടമ പൊലീസിനെ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സുൽത്താൻപുർ സ്വദേശികളായ ആൺകുട്ടികളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതിയെ ​ഗാസിപുരിൽ നിന്നും അറസ്റ്റ് ചെയ്തു.

കവർച്ച ആസൂത്രണം ചെയ്തതും നടപ്പാക്കിയതും ആൺകുട്ടികളാണെന്ന് പൊലീസ് പറഞ്ഞു. ബുട്ടീക്കിലെ സെയിൽസ് അസിസ്റ്റന്റായി ജോലി ചെയ്ത ആൺകുട്ടിക്ക് സ്ഥാപനത്തിന്റെ ഉൾവശത്തെ കുറിച്ചും വസ്ത്രങ്ങളുടെ വിലയെ കുറിച്ചും ധാരണയുണ്ടായിരുന്നു. ഇയാളുടെ സാമൂഹിക മാധ്യമ സുഹൃത്തായിരുന്നു അറസ്റ്റിലായ യുവതി. കൊളളയടിച്ച വസ്ത്രങ്ങൾ ആയ ന​ഗറിൽ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

Content Highlights: Two Minar Boys and A Women Arrested for Robbery in a Boutique Delhi

dot image
To advertise here,contact us
dot image