
ന്യൂഡൽഹി: യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പിലാക്കിയ സംഭവത്തിൽ ഇന്ത്യൻ എംബസിയെ വിവരം അറിയിച്ചത് വൈകിയെന്ന് സൂചന. ഉത്തർപ്രദേശ് സ്വദേശിനി ഷഹ്സാദി ഖാൻ്റെ വധശിക്ഷ നടപ്പിലാക്കിയ ദിവസം തന്നെ ഇരുവരുടെയും വധശിക്ഷ നടപ്പിലാക്കിയെന്നാണ് വിവരം. ഫെബ്രുവരി പതിനഞ്ചിന് ഷഹ്സാദിയുടെ വധശിക്ഷ നടപ്പിലാക്കിയെന്നായിരുന്നു റിപ്പോർട്ടുകൾ
കഴിഞ്ഞ മാസം പതിനാലിന് തന്റെ മകൻ വിളിച്ചിരുന്നുവെന്നും വധശിക്ഷയുടെ വിവരം പറഞ്ഞിരുന്നതായും മരിച്ച പി വി മുരളീധരൻ്റെ പിതാവ് കേശവൻ അറിയിച്ചു. എന്നാൽ യുഎഇ സർക്കാർ വിവരം കേന്ദ്രത്തെ അറിയിക്കുന്നത് ഫെബ്രുവരി 28 നാണ്. തിരൂർ സ്വദേശിയെ കൊലപ്പെടുത്തിയ കേസിലാണ് മകനെ വധശിക്ഷയ്ക്ക് വിധിച്ചത്. സംഭവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടയാളുടെ കുടുംബത്തോടും യുഎഇയിലെ അധികൃതരോടും മോചനത്തിനായി സംസാരിച്ചിരുന്നുവെന്നും പിതാവ് അറിയിച്ചു. സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ യുഎഇയിൽ പോകില്ലെന്നാണ് കുടുംബത്തിന്റെ നിലപാട്.
ഇന്നലെയായിരുന്നു യുഎഇയിൽ മലയാളികളുടെ വധശിക്ഷ നടപ്പിലാക്കിയെന്നുള്ള വാർത്ത പുറത്തുവന്നത്. പി വി മുരളീധരന് പുറമേ മുഹമ്മദ് റിനാഷ് എന്ന വ്യക്തിയുടെ വധശിക്ഷയായിരുന്നു നടപ്പിലാക്കിയത്. യുഎഇ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് മുഹമ്മദ് റിനാഷിനെ ശിക്ഷിച്ചത്. ഇരുവരുടെയും കുടുംബത്തെ വിവരം അറിയിച്ചുവെന്നും സംസ്കാരത്തിന് പങ്കെടുക്കാനുള്ള സൗകര്യം ഒരുക്കുമെന്നും കേന്ദ്രം അറിയിച്ചിരുന്നു.
Content Highlights- Execution of Malayalis in UAE; Indications that the execution was carried out on the same day Shahdasi Khan was died