
ബാംഗ്ലൂർ : സ്വർണക്കടത്ത് കേസിൽ നടി രന്യ റാവു അറസ്റ്റിലായതിന് പിന്നാലെ പ്രതികരിച്ച് പിതാവായ രാമചന്ദ്രൻ. രന്യയുടെ പിതാവ് രാമചന്ദ്രൻ കർണാടകയിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനും ഡിജിപിയുമാണ്. കെ രാമചന്ദ്രന്റെ രണ്ടാം ഭാര്യയുടെ ആദ്യവിവാഹത്തിലുണ്ടായ മകളാണ് രന്യ.
വാർത്ത അറിഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയെന്നാണ് രാമചന്ദ്രൻ ആദ്യം പറഞ്ഞത്. രന്യ തങ്ങളോടൊപ്പമല്ല താമസിക്കുന്നതെന്നും ഭർത്താവിനൊപ്പമാണ് താമസിക്കുന്നതെന്നും വിവാഹശേഷം തങ്ങളെ കാണാൻ വന്നിട്ടില്ലെന്നും രാമചന്ദ്രൻ പറഞ്ഞു. തന്റെ ഔദ്യോഗിക ജീവിതത്തിൽ ഒരു ബ്ലാക്ക് മാർക്കും ഉണ്ടായിട്ടില്ല. മകളുടെ ഇടപാടുകളെ കുറിച്ച് അറിയില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നും രാമചന്ദ്രൻ പറഞ്ഞു.
രന്യ അറസ്റ്റിലായതിനു പിന്നാലെ പിതാവിന്റെ പദവി കള്ളക്കടത്തിനുവേണ്ടി ദുരുപയോഗം ചെയ്തതായി ആരോപണങ്ങൾ ഉയർന്നിരുന്നു. ഡിജിപിയുടെ മകളാണെന്നത് പലപ്പോഴും സുരക്ഷാപരിശോധന ഒഴിവാക്കാൻ രന്യയെ സഹായിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. പലപ്പോഴും വിമാനത്താവളത്തിൽനിന്നു സർക്കാർ വാഹനങ്ങളിലാണു നടി മടങ്ങിയതെന്നും റിപ്പോർട്ടുണ്ട്. കെ രാമചന്ദ്രനെതിരെ നേരത്തേ സ്വർണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർന്നിരുന്നു. മൈസൂരില്‍ ഐജിയായിരിക്കെ സ്വർണവ്യാപാരിയിൽനിന്നു 2 കോടിരൂപ പിടിച്ചെടുത്തെന്നും രേഖയിൽ വെറും 20 ലക്ഷം രൂപ മാത്രം കാണിച്ചെന്നുമായിരുന്നു പ്രധാന ആരോപണം.
അതേ സമയം ബ്ലാക്‌മെയില്‍ ചെയ്താണ് തന്നെ കൊണ്ട് സ്വര്‍ണം കടത്തിച്ചതെന്ന് കന്നഡ നടി രന്യ റാവു പറഞ്ഞിരുന്നു. നടി അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിലാണ് ഇക്കാര്യമുള്ളത്. മാർച്ച് നാലിനാണ് സ്വർണക്കടത്തുകേസിൽ നടി അറസ്റ്റിലായത്. 14 കിലോ വരുന്ന സ്വര്‍ണക്കട്ടികള്‍ ബെല്‍റ്റില്‍ ഒളിപ്പിപ്പിച്ചും 800 ഗ്രാം ആഭരണങ്ങൾ അണിഞ്ഞുമായിരുന്നു രന്യ റവന്യൂ ഇന്റലിജന്‍സിന്റെ പിടിയിലാകുന്നത്. നിലവിൽ നടിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. രന്യ റാവുവിന്റെ വീട്ടിൽ നിന്ന് അനധികൃത പണവും സ്വർണവും കണ്ടെടുത്തിട്ടുണ്ട്. 2.5 കോടി രൂപയും 2.06 കോടിയുടെ സ്വർണവുമാണ് റവന്യു ഇന്റലിജൻസ് കണ്ടെടുത്തത്. ബെംഗളൂരുവിലെ ലവല്ലേ റോഡിലെ വീട്ടിൽ നിന്നാണ് പണം കണ്ടെത്തിയത്.
കഴിഞ്ഞ രണ്ടാഴ്ചക്കിടെ നാല് തവണ ദുബായ് സന്ദർശനം നടത്തിയതോടെയാണ് നടി ഡി ആർ ഐയുടെ നിരീക്ഷണത്തിലായത്. 15 ദിവസത്തിനിടെ നാല് ദുബായ് യാത്രകളാണ് രന്യ നടത്തിയിരുന്നത്. ഈ യാത്രകളിലെല്ലാം ഒരേ വസ്ത്രം ധരിച്ചതും സംശയങ്ങള്‍ വര്‍ധിപ്പിച്ചു. സ്വര്‍ണം ഒളിപ്പിച്ച ബെല്‍റ്റ് മറയ്ക്കുന്നതിനാണ് ഒരേ വസ്ത്രം തിരഞ്ഞെടുത്തതെന്നാണ് ഡിആര്‍ഐ ഉദ്യോഗസ്ഥരുടെ സംശയം. ഇതിനിടെ വിമാനത്താവളത്തിലെത്തുമ്പോള്‍ ലഭിച്ച പ്രോട്ടോക്കോള്‍ സംരക്ഷണവും ഇവര്‍ സ്വര്‍ണക്കടത്തിന് മറയാക്കിയെന്നാണ് വിവരം.
ബസവരാജു എന്ന പൊലീസ് കോണ്‍സ്റ്റബിള്‍ ടെര്‍മിനലില്‍ രന്യയെ കാണാറുണ്ടായിരുന്നു. രന്യയെ അനുഗമിച്ച് പുറത്തേക്ക് കൊണ്ടുപോയി സര്‍ക്കാര്‍ വാഹനത്തില്‍ കയറ്റിവിടുന്നത് ഈ ഉദ്യോഗസ്ഥനാണ്. വിമാനത്താവളത്തിലെ സാധാരണ പരിശോധനകള്‍ ഒഴിവാക്കിയായിരുന്നു ഈ നീക്കങ്ങള്‍. ഇയാളേയും ഡിആര്‍ഐ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
content highlights : 'She let us down': Karnataka DGP distances himself from daughter ranya rao