
ന്യൂഡൽഹി: കോഴിക്കോട് നിന്ന് ഹജ്ജ് യാത്രയ്ക്കായുള്ള ഉയർന്ന വിമാനത്തുകയ്ക്കെതിരായ ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. കോടതി ഇടപെടല്‍ ഹജ്ജ് തീര്‍ഥാടനത്തിന് വിപരീത ഫലമുണ്ടാക്കിയേക്കാമെന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. കോഴിക്കോടുനിന്നുള്ള യാത്രാനിരക്ക് കൂടാനുള്ള കാരണം പരിശോധിച്ച് അറിയിക്കാമെന്ന് കേന്ദ്രം വ്യക്തമാക്കി.
നേരത്തെ കോഴിക്കോട് നിന്നുള്ള ഹജ്ജ് തീർത്ഥാടകരോട് ഉയർന്ന യാത്രാ നിരക്ക് വാങ്ങുന്നത് അനീതിയാണെന്ന് ചൂണ്ടികാട്ടി ഹാരിസ് ബീരാൻ എം പി എയർ ഇന്ത്യ സി ഇ ഒ കാമ്പൽ വിൽസണുമായും കൂടി കാഴ്ച നടത്തിയിരുന്നു. കോഴിക്കോട് നിന്നുള്ള സാധാരണക്കാരായ തീർത്ഥാടകരോട് നീതി കാണിക്കണമെന്നും കൂടിയ വിമാന ചാർജ്ജ് പുന:പരിശോധിച്ച് ചാർജ്ജിൽ ഇളവ് വരുത്തണമെന്നും എം പി ആവശ്യപ്പെട്ടിരുന്നു.
വിഷയത്തിൽ ഇടപെടാനാകില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയവും വ്യക്തമാക്കിയിരുന്നു. ഹാരിസ് ബീരാൻ എംപിയുടെ കത്തിന് മറുപടി ആയി ആണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. ഓരോ വർഷവും യാത്രയുമായി ബന്ധപ്പെട്ട് ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടെൻഡർ ക്ഷണിക്കാറുണ്ട്. അതിൽ പങ്കെടുക്കുന്നവർ സമർപ്പിക്കുന്ന ഏറ്റവും കുറവ് ടെൻഡർ ആണ് പരിഗണിക്കുക. ഇത്തവണത്തെ കരിപ്പൂരിലെ ടെണ്ടറിൽ ഏറ്റവും കുറവ് വന്ന തുക 128000 ആണെന്നും ഇതിൽ ഇടപെടാൻ ആകില്ലെന്നുമായിരുന്നു ഹാരിസ് ബീരാൻ എംപിക്ക് നൽകിയ മറുപടിയിൽ വ്യോമയാന മന്ത്രാലയം പറഞ്ഞിരുന്നത്.
Content Highlights: Supreme Court refuses to intervene in plea against high airfares for Hajj from Kozhikode