
ഇംഫാൽ: മണിപ്പൂരിൽ ഇന്ന് പുനരാരംഭിച്ച ബസ് സർവീസിന് നേരെ കുക്കി സംഘടനകൾ നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പ്രതിഷേധക്കാരിൽ ഒരാളായ ലാൽഗൗതംങ് സിംഗ്സിറ്റ് (30) എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. ബസ് തടഞ്ഞവർക്കെതിരെ സുരക്ഷാ സേന ലാത്തിച്ചാർജ്ജും കണ്ണീർവാതകവും പ്രയോഗിച്ചിരുന്നു. ഇതിനിടെ വെടിയേറ്റാണ് മരണമെന്നും റിപ്പോർട്ടുണ്ട്. സംഘർഷത്തിൽ 25 പേർക്ക് പരിക്കുണ്ട്.
കാങ്പോക്പിയിൽ വെച്ചാണ് ബസ് സർവീസ് പുനരാരംഭിച്ചതിനെതിരെ പ്രതിഷേധം ഉണ്ടായത്. പ്രതിഷേധിച്ച സംഘത്തിൽ വനിതകളും ഉണ്ടായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദേശ പ്രകാരമാണ് ഇംഫാലിൽ നിന്ന് സേനാപതി ജില്ലയിലേക്കാണ് ബസ് സർവീസ് പുനരാരംഭിച്ചത്. സംസ്ഥാനത്താകെ സ്വതന്ത്ര ഗതാഗതം പുനസ്ഥാപിക്കണമെന്ന് അമിത് ഷാ നിർദേശം നൽകിയിരുന്നു.
പ്രതിഷേധക്കാർ ബസ് തടയുന്നതിന് പുറമെ ചില സ്വകാര്യ വാഹനങ്ങൾക്ക് തീയിടുകയും കൂടി ചെയ്തതോടെ കാര്യങ്ങൾ കൂടുതൽ വഷളായി. ദിമാപുർ നാഷണൽ ഹൈവേ ഉപരോധിച്ച പ്രതിഷേധക്കാർ ഗതാഗതം തടസപ്പെടുത്തുന്നതിനായ ടയറുകൾ കത്തിക്കുകയും ചെയ്തു.
Content Highlights: Clash in Manipur Stop Bus Service, One Died 25 Injured