
ന്യൂഡൽഹി: ആശ വർക്കർമാരുടെ സമരത്തിൽ കൊടിക്കുന്നിൽ സുരേഷ് എം പി നൽകിയ കത്തിന് മറുപടി നൽകി കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ പി നദ്ദ. ആശ വർക്കർമാരുടെ പ്രശ്നങ്ങൾ പരിശോധിക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി കത്തിന് മറുപടി നൽകി.
ആശ വർക്കർമാരുടെ സമരത്തോട് സർക്കാരും സിപിഐഎമ്മും കാണിക്കുന്ന തൊഴിലാളി വിരുദ്ധ സമീപനം വഞ്ചനാപരമാണെന്ന് നേരത്തെ കൊടിക്കുന്നിൽ സുരേഷ് പറഞ്ഞിരുന്നു. തൊഴിലാളി വർഗ പാർട്ടി എന്നും പുരോഗമന സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെ വക്താക്കളുമെന്ന് അവകാശപ്പെടുന്ന സിപിഐഎം ആശ പ്രവർത്തകരടക്കം വിവിധ മേഖലയിലെ തൊഴിലാളികളെ പുച്ഛിക്കുകയാണ്. അവർക്ക് തുച്ഛമായ വേതനം നൽകി അവഹേളിക്കുകയാണെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി സുരേഷ് ഗോപി ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആശ വർക്കർമാർക്ക് വേതനം നൽകുന്നതിൽ സംസ്ഥാനത്തിന് വീഴ്ച പറ്റി എന്ന് സുരേഷ് ഗോപി മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ കുറ്റപ്പെടുത്തിയിരുന്നു. ആശ വർക്കർമാർക്ക് കേന്ദ്രം നൽകുന്ന ഓണറേറിയം വർധിപ്പിക്കണമെന്ന കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുടെ ആവശ്യത്തോട് ജെ പി നദ്ദയുടേത് അനുകൂല പ്രതികരണമായിരുന്നില്ല. ആശമാർക്കായി കേന്ദ്രം 120 കോടി രൂപ അധികമായി നൽകിയിട്ടുണ്ടെന്ന് കൂടിക്കാഴ്ചക്ക് ശേഷം നദ്ദ പറഞ്ഞതായി സുരേഷ് ഗോപി അവകാശപ്പെട്ടിരുന്നു.
27-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ് ആശ വർക്കർമാരുടെ സമരം. ഫെബ്രുവരി പത്ത് മുതലാണ് ആശ വര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ സമരം തുടങ്ങിയത്. ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഇതിനിടയില്‍ ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം കുടിശ്ശിക സര്‍ക്കാര്‍ വിതരണം ചെയ്തിരുന്നു. ജനുവരി മാസത്തെ കുടിശ്ശികയാണ് സര്‍ക്കാര്‍ വിതരണം ചെയ്തത്. ഇതോടെ മൂന്ന് മാസത്തെ കുടിശ്ശിക വിതരണം പൂര്‍ത്തിയായി. എന്നാല്‍ ഓണറേറിയും വര്‍ധിപ്പിക്കുന്നതടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന് ആശ വര്‍ക്കര്‍മാര്‍ വ്യക്തമാക്കിയിരുന്നു.
Content Highlights: JP Nadda Respond to Kodikunnil Suresh Letter Over Asha Workers Protest