
ഗാന്ധിനഗര്‍: ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് താക്കീതുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പാര്‍ട്ടിക്കുള്ളില്‍ നിന്ന് ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിക്കൊപ്പം ഉറച്ചുനില്‍ക്കുന്നവരും ബിജെപിയുമായി ബന്ധം പുലര്‍ത്തുന്നവരും അടക്കം പാര്‍ട്ടിയിലുള്ളത് രണ്ട് തരം ആളുകളാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപിയുമായി ബന്ധം പുലര്‍ത്തുന്നവരെ പുറത്താക്കുമെന്നും എങ്കില്‍ മാത്രമേ ഗുജറാത്തിലെ ജനങ്ങള്‍ കോണ്‍ഗ്രസില്‍ വിശ്വസിക്കൂവെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. രണ്ട് ദിവസത്തെ അഹമ്മദാബാദ് സന്ദര്‍ശനത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍ ഗാന്ധി.
'ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയോട് കൂട്ടുകൂടുന്നതിനാല്‍ കഴിഞ്ഞ മുന്ന് പതിറ്റാണ്ടായി ഗുജറാത്തിലെ ജനങ്ങളുടെ പ്രതീക്ഷകള്‍ പൂര്‍ത്തീകരിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. ഗുജറാത്തിലെ ജനങ്ങളുമായി മികച്ച ബന്ധം പുലര്‍ത്താനും കോണ്‍ഗ്രസിന്റെ മറഞ്ഞിരിക്കുന്ന ആത്മവിശ്വാസംവീണ്ടെടുക്കാനും ഞാന്‍ തീരുമാനിച്ചിരിക്കുന്നു', രാഹുല്‍ ഗാന്ധി പറഞ്ഞു.
ബിജെപിക്ക് വേണ്ടി ഉള്ളില്‍ നിന്ന് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുറത്തേക്കുള്ള വഴി കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാര്‍, വ്യാപാരികള്‍, കര്‍ഷകര്‍, തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയ ഗുജറാത്തിലെ ജനങ്ങള്‍ക്ക് പ്രതിപക്ഷം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'അവര്‍ക്ക് ബിജെപിയുടെ ബി ടീമിനെയല്ല ആവശ്യം. ഈ രണ്ട് കൂട്ടരെയും അരിച്ചുപെറുക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. കോണ്‍ഗ്രസില്‍ നേതാക്കളുടെ ക്ഷാമമില്ല. ബ്ലോക്ക്-ജില്ലാ തലത്തില്‍ സിംഹത്തെ പോലെയുള്ള നേതാക്കള്‍ നമുക്കുണ്ട്. എന്നാല്‍ അവര്‍ ബിജെപിയുടെ നിയന്ത്രണത്തിലാണ്', രാഹുല്‍ ഗാന്ധി പറഞ്ഞു.
20മുതല്‍ 30 വരെയുള്ള ആളുകളെ പുറത്താക്കേണ്ടി വന്നാലും തങ്ങള്‍ അത് ചെയ്യുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പ് ജയവും പരാജയവും മറന്ന് മുതിര്‍ന്ന നേതാക്കളുടെ സിരയിലൂടെ കോണ്‍ഗ്രസ് രക്തം ഒഴുകണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. സംഘടനയുടെ നിയന്ത്രണം ഇത്തരം നേതാക്കളിലാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തെലങ്കാനയില്‍ കോണ്‍ഗ്രസിന് 22 ശതമാനം വോട്ട് വര്‍ധിപ്പിക്കാന്‍ സാധിച്ചെന്നും ഗുജറാത്തില്‍ കോണ്‍ഗ്രസിന് 40 ശതമാനം വോട്ട് പിടിക്കാന്‍ കഴിഞ്ഞെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
'ജനങ്ങളോടൊപ്പം ചേരേണ്ടത് ഞങ്ങളുടെ ആവശ്യമാണ്. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള ജനങ്ങളെ പെട്ടെന്ന് കോണ്‍ഗ്രസുമായി ബന്ധിപ്പിക്കാന്‍ സാധിക്കുമെന്ന് ഭാരത് ജോഡോ യാത്രയിലൂടെ കാണിച്ചിട്ടുണ്ട്. രാജ്യത്തിന്റെ രാഷ്ട്രീയം നമുക്ക് മാറ്റാന്‍ സാധിക്കും. കോണ്‍ഗ്രസ് നേതാക്കള്‍ ജനങ്ങളിലേക്കും അവരുടെ വീടുകളിലേക്കും പോകണം. ഞാന്‍ എന്നോട് കൂടിയാണ് ഇത് പറയുന്നത്. അവരെ കേള്‍ക്കുകയും അവരുടെ ഭാവിയിലേക്കും ആരോഗ്യത്തിലേക്കും വിദ്യാഭ്യാസത്തിലേക്കും വ്യാപാരത്തിലേക്കും ആവശ്യമായ കാര്യങ്ങള്‍ ചോദിച്ചറിയുകയും വേണം', രാഹുല്‍ ഗാന്ധി പറഞ്ഞു.
മഹാത്മാ ഗാന്ധി, സര്‍ദാര്‍ പട്ടേല്‍ തുടങ്ങിയ നേതാക്കളിലൂടെ ഗുജറാത്തില്‍ നിന്നുമാണ് കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രം ആരംഭിച്ചതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഗുജറാത്തില്ലെങ്കില്‍ കോണ്‍ഗ്രസ് പ്രത്യയശാസ്ത്രവുമില്ല. എന്നാല്‍ ഇന്ന് ഗുജറാത്ത് സ്തംഭിച്ചിരിക്കുകയാണ്. വ്യാപാരമായിരുന്നു ഗുജറാത്തിന്റെ നട്ടെല്ലെന്നും ഇന്ന് അതില്ലാതായെന്നും അദ്ദേഹം പറഞ്ഞു. ഡയമണ്ട്, ടെക്‌സൈറ്റല്‍, സെറാമിക്, കാര്‍ഷികമേഖലകള്‍ ശ്രദ്ധിക്കൂവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അവര്‍ പുതിയൊരു കാഴ്ചപ്പാടിന് വേണ്ടി മുറവിളി നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Rahul Gandhi criticize Congress leaders in Gujarat