
ന്യൂഡല്‍ഹി: അന്താരാഷ്ട്ര വനിത ദിനത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ നവസാരിയിൽ ലഖ്പതി ദീദി സമ്മേളനത്തിൽ പങ്കെടുക്കും. ഇതിലൂടെ വനിത സംരംഭ ഗ്രൂപ്പുകൾക്കുള്ള 450 കോടിയുടെ ധനസഹായം മോദി പ്രഖ്യാപിക്കും. ശേഷം തിരഞ്ഞെടുക്കപ്പെട്ട 10 വനിത സംരംഭകരുമായി മോദി സംവദിക്കും. വനിത ദിനം ആയതിനാൽ പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നത് വനിത സുരക്ഷ ഉദ്യോഗസ്ഥരാണ്. 2,300 വനിത സുരക്ഷ ഉദ്യോഗസ്ഥരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. 87 സബ് ഇൻസ്പെക്ടർമാർ, 61 പൊലീസ് ഇൻസ്പെക്ടർമാർ, 16 ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടുമാർ, അഞ്ച് എസ്പിമാർ, ഒരു ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ്, ഒരു അഡീഷണൽ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥ എന്നിവരായിരിക്കും ഉണ്ടാകുക.
ഗുജറാത്ത് ആഭ്യന്തര സെക്രട്ടറിയായ നിപുന ടൊറവാനെ സുരക്ഷാ ക്രമീകരണങ്ങളുടെ മേൽനോട്ടം വഹിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക സമൂഹമാധ്യമ ഹാൻഡിലും ഇന്ന് കൈകാര്യം ചെയ്യുന്നത് തിരഞ്ഞെടുക്കപ്പെട്ട വനിതകളായിരിക്കും.
‘‘രാജ്യാന്തര വനിതാ ദിനത്തോടനുബന്ധിച്ച് ഗുജറാത്ത് പൊലീസാണ് പ്രധാനമന്ത്രിക്കായി വനിതാ സുരക്ഷ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമാണിത്. നവസാരിയിലെ വാൻസി ബോർസി ഗ്രാമത്തിലെ ഹെലിപാഡിൽ പ്രധാനമന്ത്രി എത്തുന്നതു മുതൽ പരിപാടി നടക്കുന്ന സ്ഥലം വരെയുള്ള മുഴുവൻ സുരക്ഷാ ക്രമീകരണങ്ങളും വനിതാ പൊലീസ് ഉദ്യോഗസ്ഥർ കൈകാര്യം ചെയ്യും.’’ – ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സംഘവി പറഞ്ഞു.
Content Highlights :This is the first time in the country's history; Women officers will provide security for the Prime Minister