അവശേഷിക്കുന്നത് ചില ശരീര ഭാഗങ്ങൾ മാത്രം; തെലങ്കാന ടണല്‍ ദുരന്തത്തില്‍ 16ാം നാള്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

കേരളത്തില്‍ നിന്നെത്തിച്ച കഡാവര്‍ നായ്ക്കളായ മായ, മര്‍ഫി എന്നിവരാണ് മൃതദേഹമുള്ള ഭാഗം കണ്ടെത്തിയത്

dot image

ഹൈദരാബാദ്: തെലങ്കാന ടണല്‍ ദുരന്തത്തില്‍ പതിനാറാം നാള്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. കാണാതായ എട്ട് പേരില്‍ ഒരാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ബോറിങ് മെഷീനിന്റെ ഉള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ആരുടേതാണെന്ന് തിരിച്ചറിയാന്‍ സാധിക്കുന്ന വിധത്തിലല്ല മൃതദേഹം.

കൈകളും മറ്റ് ചില ശരീരഭാഗങ്ങളും മാത്രമാണ് അവശേഷിക്കുന്നത്. ബോറിങ് മെഷീന്‍ പതിയെ മുറിച്ചുമാറ്റിയായിരുന്നു മൃതദേഹം പുറത്തെടുത്തത്. കേരളത്തില്‍ നിന്നെത്തിച്ച കഡാവര്‍ നായ്ക്കളായ മായ, മര്‍ഫി എന്നിവരാണ് മൃതദേഹമുള്ള ഭാഗം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം നടന്ന തിരച്ചിലില്‍ കഡാവര്‍ നായ്ക്കള്‍ കാണിച്ച സ്ഥലങ്ങളില്‍ ഒന്നില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.

ഫെബ്രുവരി 23ന് നടന്ന അപകടത്തില്‍ എട്ട് പേരാണ് മണ്ണും പാറയുമടങ്ങിയ കൂനയ്ക്കുള്ളില്‍ കുടുങ്ങിയത്. പ്രദേശത്ത് വീണ്ടും മണ്ണിടിച്ചിലുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടും നിലനിന്നിരുന്നു. റോബോട്ടിക്, എന്‍ഡോസ്‌കോപ്പിക് ക്യാമറകളടക്കം വിന്യസിച്ച് നടത്തിയ ആദ്യഘട്ട തെരച്ചിലില്‍ ഫലമുണ്ടായില്ല. പിന്നീട് ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാറുകള്‍ ചിലയിടത്ത് മനുഷ്യശരീരമെന്ന് കരുതുന്ന വസ്തുക്കളുണ്ടെന്ന് കണ്ടെത്തി. അവിടേക്കും പരിശോധനയ്ക്കായി കടക്കാന്‍ കഴിയുന്ന സാഹചര്യമായിരുന്നില്ല. ഇതോടെയാണ് മാര്‍ച്ച് ആറിന് കഡാവര്‍ നായ്ക്കളായ മായയേയും മര്‍ഫിയേയും ദൗത്യത്തിന് എത്തിച്ചത്. വയനാട് ചൂരല്‍മല-മുണ്ടക്കൈ ദുരന്തത്തിലടക്കം നിര്‍ണായക പങ്കുവഹിച്ചവരാണ് ഇവര്‍.

Content Highlight: Body of one found in Telangana tunnel collapse

dot image
To advertise here,contact us
dot image