
അമരാവതി: മൂന്നാമതും കുഞ്ഞിന് ജന്മം നല്‍കുന്നവര്‍ക്ക് 50000 രൂപയെന്ന വിചിത്ര വാഗ്ദാനവുമായി തെലുങ്കു ദേശം പാര്‍ട്ടി എംപി കാലിസെറ്റി അപ്പള നായിഡു. അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ആണ്‍കുഞ്ഞ് പിറന്നാല്‍ പശുവിനെ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായുള്ള പണം തന്റെ ശമ്പളത്തില്‍ നിന്നായിരിക്കും ചിലവഴിക്കുകയെന്നും എംപി വ്യക്തമാക്കി.
അപ്പള നായിഡുവിന്റെ പരാമര്‍ശത്തെ പിന്തുണച്ചായിരുന്നു ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പ്രതികരണം. അതേസമയം ദക്ഷിണേന്ത്യയില്‍ പ്രായമേറിയവരുടെ എണ്ണം വര്‍ധിക്കുന്നുവെന്ന ആശങ്കയും മുഖ്യമന്ത്രി പങ്കുവെച്ചു. സമീപ ഭാവിയില്‍ തന്നെ യുവാക്കളുടെ എണ്ണത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ യുപി, ബിഹാര്‍ പോലുള്ള സംസ്ഥാനങ്ങള്‍ക്ക് പിന്നിലാവുമെന്നും അദ്ദേഹം പറയുന്നു.
കുടുംബാസൂത്രണമെന്ന ആശയത്തില്‍ നിന്ന് മാറുകയാണെന്ന് പ്രഖ്യാപിച്ച ചന്ദ്രബാബു നായിഡു, രണ്ടില്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ പരിപാടികളും ആസൂത്രണം ചെയ്തുവരികയാണ്. ഈ നിലപാടിന്റെ ഭാഗമായി രണ്ടില്‍ താഴെ കുട്ടികളുള്ളവരെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ടിഡിപി നേരത്തേ വിലക്കിയിരുന്നു. കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുകയെന്നത് പരിഗണനയിലാണെന്നും ചന്ദ്രബാബു നേരത്തെ പറഞ്ഞിരുന്നു.
Content Highlight:TDP MP says will give 50000Rs for third child, and cow for baby boy