ഇന്ത്യ തീരുവ കുറയ്ക്കാൻ സമ്മതിച്ചതായി ഡൊണാൾഡ് ട്രംപ്; മോദി സർക്കാരിന്റെ വ്യാപാര നയം വിനാശകരമെന്ന് കോൺ​ഗ്രസ്

ട്രംപിന്റെ അവകാശവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിലപാട് വ്യക്തമാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്

dot image

ന്യൂഡൽഹി: ഇന്ത്യ തീരുവ കുറയ്ക്കാൻ സമ്മതിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യ അമേരിക്കയിൽ നിന്ന് ഈടാക്കുന്നത് ഭീമമായ താരിഫാണ്. അതിനാൽ ഇന്ത്യയിൽ ഒന്നും വിൽക്കാൻ പോലും കഴിയില്ല. തീരുവയിനത്തിൽ എന്താണ് ചെയ്യുന്നതെന്ന് ബോധ്യപ്പെടുത്തിയപ്പോൾ ഇന്ത്യയിപ്പോൾ താരിഫ് കുറയ്ക്കാൻ സമ്മതിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിൽ വെച്ച നടന്ന പത്രസമ്മേളനത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം.

അതേസമയം, ട്രംപിന്റെ അവകാശവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിലപാട് വ്യക്തമാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ പാർലമെന്റിനെ മോദി വിശ്വാസത്തിലെടുക്കണമെന്ന് കോൺഗ്രസ് ജനറൽസെക്രട്ടറി ജയറാം രമേശ് ആവശ്യപ്പെട്ടു. നടന്നുകൊണ്ടിരിക്കുന്ന വ്യാപാര ചർച്ചകളിൽ ഇന്ത്യൻ കർഷകരുടെയും നിർമ്മാതാക്കളുടെയും താൽപ്പര്യങ്ങൾ വിട്ടുവീഴ്ച ചെയ്യപ്പെടുന്നുണ്ടോ എന്ന ആശങ്കയും പാർട്ടി പ്രകടിപ്പിച്ചിട്ടുണ്ട്.

'ഇന്ത്യയുടെ വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ അമേരിക്കക്കാരുമായി വ്യാപാരം ചർച്ച ചെയ്യാൻ വാഷിംഗ്ടണിലേക്ക് പോയിരിക്കുകയാണ്. അതേ സമയം, ഇന്ത്യ തീരുവ കുറയ്ക്കാൻ സമ്മതിച്ചതായി അമേരിക്കൻ പ്രസിഡന്റ് പറയുന്നു. മോദി സർക്കാർ എന്താണ് സമ്മതിച്ചത്? ഇന്ത്യൻ കർഷകരുടെയും ഇന്ത്യൻ ഉൽപ്പാദനത്തിന്റെയും താൽപ്പര്യങ്ങൾ അപകടത്തിലാകുമോ? മാർച്ച് പത്തിന് പാർലമെന്റ് പുനരാരംഭിക്കുമ്പോൾ പ്രധാനമന്ത്രി ഈ കാര്യത്തിൽ നിലപാട് വ്യക്തമാക്കണ'മെന്ന് ജയറാം രമേശ് തന്റെ ഔദ്യോ​ഗിക എക്സ് പോസ്റ്റിൽ കുറിച്ചു.

നരേന്ദ്ര മോദി സർക്കാരിന്റെ വ്യാപാര നയം വിനാശകരമാണെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേരയും വിമർശിച്ചു. 'മെക്സികോ, കാനഡ തുടങ്ങിയ രാജ്യങ്ങൾക്ക് ഒരു മാസത്തെ യുഎസ് താരിഫ് താൽക്കാലികമായി നിർത്തിവയ്ക്കാൻ സാധിക്കുന്നുണ്ട്. പിന്നെ എന്തുകൊണ്ട് ഇന്ത്യയ്ക്ക് മാത്രം ഈ വിഷയം ചർച്ച ചെയ്യാൻ കഴിയുന്നില്ല? പ്രസിഡന്റ് ട്രംപിന്റെ പുതിയ പ്രസ്താവന ഇന്ത്യയെ സംബന്ധിച്ചിടത്തോളം എന്താണ് അർത്ഥമാക്കുന്ന'തെന്നും പവൻ ഖേര ചോദിച്ചു.

'പതിറ്റാണ്ടുകളുടെ പരസ്പര സഹകരണത്തിലൂടെ കെട്ടിപ്പടുത്ത സുസ്ഥിരവും മൂല്യവത്തായതുമായ തന്ത്രപരമായ ബന്ധമാണ് ഇന്ത്യയും യുഎസും തമ്മിലുള്ളത്. ഡോ. മൻമോഹൻ സിംങും ജോർജ്ജ് ഡബ്ല്യു ബുഷും ചരിത്രപരമായ ഇന്ത്യ-യുഎസ് കരാറിന്റെ വിശദാംശങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. അത് പരസ്പരം പ്രയോജനമുളളവയുമായിരുന്നു. മൻമോഹൻ സിംങ് സ്വന്തം സർക്കാരിന്റെ രാഷ്ട്രീയ ഭാവിയെ അതിനായി പണയപ്പെടുത്തിയിരുന്നു. പക്ഷേ അത് ദേശീയ താൽപ്പര്യങ്ങൾക്ക് അനുസരിച്ചായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരെ വിപരീതമാണ് ചെയ്യുന്നത്. ഇന്ത്യയുടെ ഒരു കേന്ദ്രമന്ത്രി യുഎസിന്റെ മണ്ണിലുണ്ട്. ഇന്ത്യ അതിന്റെ താരിഫ് കുറയ്ക്കാൻ സമ്മതിച്ചതായും അമേരിക്ക പറയുന്നു'.

'ഉയർന്ന യുഎസ് താരിഫുകളുടെ അനന്തരഫലങ്ങൾ ഇന്ത്യയ്ക്ക് വിനാശകരമായിരിക്കും. ഇതിലൂടെ ഇന്ത്യയുടെ ജിഡിപിയിൽ പ്രത്യാഘാതങ്ങളുണ്ടായേക്കാം. വ്യാപാര കമ്മി ഗണ്യമായി ഉയർന്നേക്കാം. രൂപ കൂടുതൽ ദുർബലമാകുമെ'ന്നും പവൻ ഖേര പറഞ്ഞു.

Content Highlights: Trump says India has agreed to cut tariffs; Congress wants Modi to state his position

dot image
To advertise here,contact us
dot image