
ലഖ്‌നോ: ഹോളി വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് ആഘോഷിക്കുന്നതെന്നും ജുമുഅ നമസ്‌കാരം എല്ലാ വെള്ളിയാഴ്ചയുമുണ്ടെന്ന സംഭല്‍ പൊലീസുദ്യോഗസ്ഥന്റെ വിവാദ പരാമര്‍ശം ആവര്‍ത്തിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉദ്യോഗസ്ഥന്റെ വാക്കുകള്‍ വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇതേ വാക്കുകള്‍ ആവര്‍ത്തിച്ച് യോഗിയും രംഗത്തെത്തിയത്.
ഉത്സവകാലത്ത് ഇരു സമുദായങ്ങളും വികാരങ്ങളെ ബഹുമാനിക്കണം. എല്ലാ വെള്ളിയാഴ്ചയും നമസ്‌കാരം നടക്കുന്നുണ്ട്. പക്ഷേ ഹോളി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ വരുന്നുള്ളൂവെന്ന് യോഗി പറഞ്ഞു. നമസ്‌കാരം വൈകിപ്പിക്കാം. വെള്ളിയാഴ്ച പ്രാര്‍ത്ഥന കൃത്യസമയത്ത് നടത്തണമെന്നുള്ളവര്‍ക്ക് വീട്ടിലിരുന്ന്‌കൊണ്ട് അത് ചെയ്യാം. നമസ്‌കാരത്തിനായി പള്ളിയില്‍ പോകണമെന്ന് നിര്‍ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാര്‍ച്ച് പതിനാലിനാണ് ഹോളി ആഘോഷം നടക്കുക. അന്നേ ദിവസം വെള്ളിയാഴ്ചയായതിനാല്‍ സമുദായ ഐക്യം ഉറപ്പാക്കാന്‍ സംഭല്‍ പൊലീസ് സമാധാനയോഗം വിളിച്ചിരുന്നു. ഈ യോഗത്തിലാണ് സംഭല്‍ ഡെപ്യൂട്ടി പൊലീസ് സുപ്രണ്ട് അനുജ് ചൗധരി വിവാദപരാമര്‍ശം നടത്തിയത്.
നിറങ്ങളുടെ ഉത്സവമായ ഹോളി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് വരുന്നത്. എന്നാല്‍ വെള്ളിയാഴ്ച നമസ്‌കാരം ഒരു വര്‍ഷത്തില്‍ 52 തവണ വരുന്നു. അതിനാല്‍ വെള്ളിയാഴ്ച നമസ്‌കാരത്തിന് പോകുമ്പോള്‍ അവരുടെ മേല്‍ നിറങ്ങള്‍ വീഴുന്നത് മുസ്‌ലിം സഹോദരങ്ങള്‍ക്ക് ബുദ്ധിമുട്ടാകുമെങ്കില്‍ തെരുവുകളിലെ ഹോളി ആഘോഷങ്ങള്‍ അവസാനിക്കുന്നത് വരെ വീടിനുള്ളില്‍ തന്നെ കഴിയുന്നതായിരിക്കും ഉചിതമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം,
Content Highlight: Yogi Adityanath backs Sambhal DSP who asked Muslims to stay indoors on Holi